‘തുടര്‍ നടപടി വേണ്ട’; മൈക്ക് വിവാദത്തില്‍ പൊലീസിന് നിര്‍ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മൈക്ക് വിവാദത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ നടപടി പാടില്ലെന്ന് മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി. സുരക്ഷാ പരിശോധന അല്ലാതെ മറ്റൊരു നടപടിയും പാടില്ല. പൊലീസ് നടപടി വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടതിനാണ് പൊലീസ് കേസെടുത്തത്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പ്രതി പ്രവര്‍ത്തിച്ചുവെന്നാണ് എഫ്‌ഐആറിലുള്ളത്.

എന്നാല്‍ എഫ്‌ഐആറില്‍ ആരെയും പ്രതിയാക്കിയിട്ടില്ല. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്കില്‍ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്‌നമുണ്ടാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. മൈക്ക്, ആംബ്ലിഫയര്‍, വയര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് ഇലട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധന നടത്തും.

Top