തോമസ് ഐസകിനെതിരെ അടുത്ത ബുധനാഴ്ച വരെ തുടര്‍നടപടിയുണ്ടാകില്ല: ഇ.ഡി ഹൈക്കോടതിയിൽ

കിഫ്ബിയിലെ സാമ്പത്തിക ഇടപാട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസകിനെതിരെ അടുത്ത ബുധനാഴ്ച വരെ നടപടിയുണ്ടാകില്ലെന്ന് ഇ.ഡി ഹൈക്കോടതിയിൽ. ഇ.ഡി സമൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് നൽകിയ ഹരജിയിൽ മറുപടി നൽകാൻ അന്വേഷണ ഏജൻസി കൂടുതൽ സമയം ആവശ്യപ്പെട്ടു. കേസ് ബുധനാഴ്ചത്തേക്ക് പരിഗണിക്കാൻ മാറ്റി.

ഫെമ ലംഘനമെന്ന പേരിലുള്ള ഇ.ഡി നടപടി നിയമവിരുദ്ധമാണെന്ന് തോമസ് ഐസക് ഹൈക്കോടതിയില്‍ പറഞ്ഞു. മസാല ബോണ്ടില്‍ ഇടപെടാന്‍ ഇ.ഡിക്ക് അധികാരമില്ല. കിഫ്ബിയുടെ എല്ലാ നടപടികളും നിയമാനുസൃതമാണെന്നും തോമസ് ഐസക് കോടതിയില്‍ പറഞ്ഞു. തോമസ് ഐസക് പ്രതിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.

സംശയം തോന്നിയാൽ ചോദ്യംചെയ്തു കൂടേയെന്ന് കോടതി ചോദിച്ചു. സാക്ഷിയായി ഒരാളെ അന്വേഷണ ഏജൻസിക്ക് വിളിച്ചുകൂടേയെന്നും കോടതി ആരാഞ്ഞു. തനിക്ക് ലഭിച്ച രണ്ട് സമന്‍സും രണ്ട് രീതിയിലാണെന്ന് തോമസ് ഐസക് പറഞ്ഞു. ഒരു സമന്‍സില്‍ തന്‍റെ വ്യക്തിപരമായ കാര്യങ്ങളാണ് വിശദീകരിക്കാന്‍ ആവശ്യപ്പെടുന്നതെന്നും തോമസ് ഐസക് പറഞ്ഞു. വ്യക്തികളുടെ സ്വകാര്യത മാനിക്കണമെന്നും വ്യക്തി വിവരങ്ങള്‍ അറിയിക്കണമെന്ന് പറയുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണെന്നും ഇ.ഡിയോട് കോടതി ചോദിച്ചു. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.

Top