No helmet No petrol order dismissed

തിരുവനന്തപുരം: പമ്പുകളില്‍ നിന്ന് പെട്രോള്‍ ലഭിക്കാന്‍ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചിരിക്കണമെന്ന ഉത്തരവ് ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി തിരുത്തി. ഹെല്‍മെറ്റ് ധരിച്ചില്ലെങ്കിലും ഇനി പെട്രോള്‍ ലഭിക്കും.

ഇതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് എല്ലാ ഡെപ്യൂട്ടി ഗതാഗത കമ്മീഷണര്‍മാര്‍ക്കും അയച്ചിട്ടുമുണ്ട്.

ഇരുചക്രവാഹനയാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ആഗസ്ത് ഒന്നുമുതല്‍ പരിശോധനയും ബോധവത്കരണവും നടത്താനാണ് ഗതാഗത കമ്മീഷണര്‍ തിരുത്തിയ ഉത്തരവില്‍ പറയുന്നത്.

ആദ്യഘട്ടത്തില്‍ ഉപദേശവും ബോധവത്കരണ ലഘുലേഖകളുടെ വിതരണവുമാണ്. എന്നാല്‍, തുടര്‍ച്ചയായി ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്കെതിരെ ശിക്ഷാനടപടി ഉണ്ടാകും.

ഗതാഗത നിയങ്ങള്‍ പ്രകാരമുള്ള ശിക്ഷകള്‍ മാത്രമാകും ഉണ്ടാകുക. പെട്രോള്‍ ലഭിക്കാന്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന മുന്‍ ഉത്തരവിനെതിരെ ഗതാഗത മന്ത്രി എ. കെ ശശീന്ദ്രന്‍ തന്നെ രംഗത്ത് വന്ന സാഹചര്യത്തിലാണ് ഗതാഗത കമ്മീഷണര്‍ ഉത്തരവില്‍ തിരുത്ത് വരുത്തിയത്.

പോലീസിന്റെ സഹകരണത്തോടെ നടത്തുന്ന പരിശോധനവഴി അപകട മരണനിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം. മലപ്പുറം, പാലക്കാട്, കണ്ണൂര്‍, ഒറീസയിലെ കട്ടക്ക്, ഭുവനേശ്വര്‍, ആന്ധ്രയിലെ അദീലാബാദ് എന്നിവടങ്ങളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി വിജയം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്നത്

Top