മലപ്പുറം: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന മോട്ടോര്‍വാഹനവകുപ്പിന്റെ നിര്‍ദ്ദേശം മലപ്പുറത്ത് എസ്.പി ദേബേഷ്‌കുമാര്‍ ബെഹ്‌റ നടത്തിയ പരിഷ്‌ക്കാരത്തിന്റെ ചുവടുപിടിച്ച്.
മലപ്പുറത്ത് പൊലീസ് ഹെല്‍മറ്റ് വേട്ട ശക്തമാക്കിയിട്ടും ഹെല്‍മറ്റ് ധരിക്കാതെ പലരും പിഴയടച്ച് രക്ഷപ്പെടുന്നത് പതിവാക്കിയതോടെയാണ് ഹെല്‍മെറ്റില്ലാത്തവര്‍ക്ക് പെട്രോള്‍ നല്‍കേണ്ടെന്ന നിര്‍ദ്ദേശം എസ്.പി ബെഹ്‌റ നല്‍കിയത്. ജില്ലയിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളിലും എസ്.പിയുടെ നിര്‍ദ്ദേശം പതിച്ചു. ആദ്യം മുഖംതിരിച്ചുനിന്ന പമ്പുകളും പൊലീസ് കടുപ്പിച്ചതോടെ ഹെല്‍മെറ്റില്ലാത്തവര്‍ക്ക് പെട്രോള്‍ നല്‍കാതായി.
ഇരുചക്രവാഹനം അപകടത്തില്‍പെട്ടുള്ള മരണനിരക്ക് കുറക്കാനും ഈ പരിഷ്‌ക്കാരം വഴിയൊരുക്കി. ഇതോടെയാണ് ഇത് സംസ്ഥാനതലത്തില്‍ പകര്‍ത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി തീരുമാനിച്ചത്. ഹെല്‍മെറ്റ് ധരിക്കാതെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരത്തിങ്ങളിലെത്തുന്നവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പെട്രോള്‍ നിഷേധിക്കുക. . നിര്‍ദേശം പമ്പുടമകള്‍ അംഗീകരിച്ചുവെന്നും ആഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും തച്ചങ്കരി പറഞ്ഞു.