No increment for principals for dirty schools: Sisodia

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ സ്‌കൂളും സ്‌കൂള്‍ പരിസരവും വൃത്തിഹീനമായാല്‍ ഇനി പ്രിന്‍സിപ്പല്‍മാര്‍ക്ക് ശമ്പളവര്‍ധനവുണ്ടാവില്ല.

വൃത്തിഹീനമായ സ്‌കൂളുകളുടെ പ്രിന്‍സിപ്പല്‍മാര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് ഇന്‍ക്രിമെന്റ് നല്‍കേണ്ടെന്ന് തീരുമാനിച്ചതായി വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.

സംസ്ഥാനത്തെ 1000 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 150 സ്‌കൂളുകളാണ് വേണ്ടത്ര നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നത്.

സ്‌കൂള്‍ പരിസരം വൃത്തിയാക്കണമെന്ന് സ്‌കൂളുകള്‍ക്ക് നേരത്തെ അന്ത്യശാസനം നല്‍കിയിരുന്നു. നാലംഗങ്ങള്‍ വീതമുള്ള 225 ടീമുകള്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് 150 സ്‌കൂളുകളുടെ പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇന്‍ക്രിമെന്റ് നല്‍കേണ്ടെന്ന് തീരുമാനിച്ചത്.

സ്‌കൂളുകള്‍ പരിസരത്തെ മാലിന്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് നേരിട്ട് ചിത്രങ്ങളെടുത്ത് സര്‍ക്കാരിനെ അറിയിക്കുന്നതിനായി ഒരു ആപ്പും വികസിപ്പിച്ചുവരുകയാണെന്ന് സിസോദിയ വ്യക്തമാക്കി.

Top