ന്യൂഡൽഹി: പ്രോവിഡന്റ് ഫണ്ടിലെ (ഇപിഎഫ്) നിക്ഷേപത്തിനു ലഭിക്കുന്ന പലിശയ്ക്കു മേലുള്ള നികുതി വ്യവസ്ഥയിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തി. തൊഴിലാളി മാത്രം വിഹിതമടയ്ക്കുന്ന അക്കൗണ്ടുകളിൽ പ്രതിവർഷം 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിലെ പലിശയ്ക്കു മേൽ നികുതി ഈടാക്കില്ലെന്നു ലോക്സഭയിൽ ധനബിൽ ചർച്ചയിൽ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. അതിനു മുകളിലുള്ള നിക്ഷേപത്തിലെ പലിശയ്ക്കു മേലുള്ള നികുതി ഏപ്രിൽ ഒന്നിനു പ്രാബല്യത്തിൽ വരും.
രണ്ടര ലക്ഷത്തിലധികം രൂപയുടെ നിക്ഷേപത്തിനു ലഭിക്കുന്ന പലിശയ്ക്കു മേൽ നികുതി ഏർപ്പെടുത്താനുള്ള ബജറ്റ് തീരുമാനമാണു ഭേദഗതി ചെയ്തത്. ധനബിൽ സഭ ശബ്ദവോട്ടോടെ പാസാക്കി.
ഇൻഷുറൻസ്, ബാങ്കിങ് മേഖലകളിൽ പൂർണ സ്വകാര്യവൽക്കരണം നടപ്പാക്കില്ല. കൂടുതൽ ആളുകളെ ആദായ നികുതി പരിധിയിൽ കൊണ്ടുവരാൻ ഊർജിത ശ്രമം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.