കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം; കണ്ണൂരില്‍ വിദേശ വിമാന കമ്പനികള്‍ക്ക് അനുമതിയില്ല

തിരുവനന്തപുരം: കണ്ണൂരില്‍ നിന്ന് വിദേശ വിമാന കമ്പനികളുടെ സര്‍വ്വീസ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. ഇന്ത്യന്‍ കമ്പനികളുടെ സര്‍വ്വീസ് വര്‍ധിപ്പിക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

എത്തിഹാദ്, എമിറേറ്റ്സ് തുടങ്ങിയ കമ്പനികളെ അനുവദിക്കുന്നതിലൂടെ കണ്ണൂരില്‍ നിന്നുള്ള നിരക്ക് കുറയുമെന്നായിരുന്നു കേരളത്തിന്റെ വാദം.

യൂറോപ്പ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേയ്ക്ക് കണ്ണൂരില്‍ നിന്ന് കണക്ഷന്‍ വിമാനവും ലഭിക്കുമെന്നും കേരളം വാദിച്ചു. എന്നാല്‍ നിര്‍ദ്ദേശം കേന്ദ്ര വ്യോമയാന മന്ത്രാലയം അംഗീകരിച്ചില്ല.

അതേസമയം, ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ സാഹചര്യം വിലയിരുത്തി രാജ്യാന്തര വിമാന സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA ) നേരത്തെ അറിയിച്ചിരുന്നു. നേരത്തെ രാജ്യാന്തര വിമാന സര്‍വീസിന് നല്‍കിയ ഇളവുകള്‍ പുനപരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും നിര്‍ദേശിച്ചിരുന്നു.

സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വിദഗ്ധരുമായും ബന്ധപ്പെട്ട മറ്റുള്ളവരുമായും ആശയവിനിമയം നടത്തുമെന്നും ഡിജിസിഎ വ്യക്തമാക്കി. രാജ്യങ്ങളെ 3 വിഭാഗമായി തിരിച്ച് വിമാനസര്‍വീസ് പുനരാരംഭിക്കാനായിരുന്നു നീക്കം.

Top