കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും ഇടത് സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇടത് സര്‍ക്കാരിനും സിപിഎം നേതാക്കള്‍ക്കുമെതിരെ ഉയരുന്ന ആരോപണങ്ങളില്‍ അന്വേഷണമില്ലെന്ന് സതീശന്‍ കുറ്റപ്പെടുത്തി. പുതുപ്പള്ളിയില്‍ സംസാരിക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ 7 ചോദ്യങ്ങളുമുന്നയിച്ചു.
1.72 കോടി രൂപ മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിക്ക് മാസപ്പടി കിട്ടിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന സുപ്രധാന ചോദ്യം പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തിലുയര്‍ത്തി. റോഡിലെ ക്യാമറയിലും കെ ഫോണിലും പിപിഇ കിറ്റ് അഴിമതിയിലും അന്വേഷണമില്ല. ലൈഫ് മിഷന്‍ പദ്ധതി അഴിമതിയില്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തം ഉണ്ട്. ഇടത് സര്‍ക്കാരിനെതിരായ അഴിമതിയാരോപണങ്ങളില്‍ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നും സതീശന്‍ ആരോപിച്ചു.
സിപിഎം നേതാക്കളായ മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസ്, വൈശാഖന്‍ എന്നിവര്‍ക്കെതിരെ ഉയര്‍ന്നത് ഗുരുതര ആരോപണങ്ങളാണെന്നിരിക്കെ, പൊലീസ് അന്വേഷിക്കുന്നില്ല. വളരെ ഗുരുതരമായ ആരോപണങ്ങളില്‍ പാര്‍ട്ടി നടപടി മതിയോയെന്നും ഇതില്‍ മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്നും സതീശന്‍ ചോദിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ട്. എന്നാല്‍ പാര്‍ട്ടിക്ക് അകത്തു ഒതുക്കി തീര്‍ക്കാനാണ് ശ്രമിച്ചത്. ഇഡി യുടെ അന്വേഷണം പ്രതിപക്ഷം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നായിരുന്നു കേന്ദ്രഅന്വേഷണ ഏജന്‍സിയുടെ ഇടപെടലിനെ കുറിച്ച് സതീശന്റെ മറുപടി.
മട്ടന്നൂര്‍ എംഎല്‍എയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ. കെ ശൈലജയുടെ ആത്മകഥ കണ്ണൂര്‍ സര്‍വകലാശാല പിജി സിലബസില്‍ ഉള്‍പ്പെടുത്തിയ നടപടിയിലും സതീശന്‍ പ്രതികരിച്ചു. ഗോള്‍വര്‍ക്കാര്‍, സവര്‍ക്കാര്‍ എന്നിവരുടെ പുസ്തകങ്ങള്‍ പഠിക്കാന്‍ നല്‍കിയ സര്‍വകാല ശാലയാണ് കണ്ണൂര്‍. പഠിക്കാന്‍ പറ്റിയ പുസ്തകമാണോ ശൈലജയുടെ ആത്മകഥയെന്നും സതീശന്‍ ചോദിച്ചു.