ടെമ്പിള്‍ സ്റ്റേഷന്‍ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല; പരാതിയുമായി ടി.എന്‍ പ്രതാപന്‍

ഗുരുവായൂര്‍: തന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ടെമ്പിള്‍ പൊലീസ് സ്‌റ്റേഷന്‍ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ടി.എന്‍. പ്രതാപന്‍ എം.പി.

പ്രോട്ടോകോളില്‍ എം.പിക്ക് താഴെ വരുന്ന എം.എല്‍.എ, നഗരസഭ അധ്യക്ഷന്‍, ദേവസ്വം ചെയര്‍മാന്‍ എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചപ്പോള്‍ തന്നെ ഒഴിവാക്കിയത് ചട്ടലംഘനവും ജനാധിപത്യ മര്യാദകള്‍ക്ക് നിരക്കാത്തതുമാണെന്ന് എം.പി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പില്‍നിന്നുതന്നെ ഇത്തരം വീഴ്ച വന്ന സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്‌റ്റേഷന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എന്‍.കെ. അക്ബര്‍ എം.എല്‍.എ നല്‍കിയ വാര്‍ത്തക്കുറിപ്പില്‍ എം.പി ക്ഷണിതാക്കളുടെ പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍, പൊലീസിന്റെ ഫേസ്ബുക്ക് പേജിലെ കുറിപ്പില്‍ എം.പി ഉണ്ടായിരുന്നില്ല. സ്‌റ്റേഷന്‍ നിര്‍മാണത്തിന് തന്റെ വികസന ഫണ്ടില്‍ നിന്ന് ഒരു കോടിയോളം രൂപ അനുവദിച്ച മുന്‍ എം.എല്‍.എ കെ.വി. അബ്ദുള്‍ ഖാദറും എം.എല്‍.എയുടെ പട്ടികയില്‍ ക്ഷണിതാവായി ഉണ്ടായിരുന്നു. അതും പൊലീസിന്റെ പട്ടികയില്‍ ഒഴിവായി.

പല പ്രമുഖ വ്യക്തികളെയും ചടങ്ങ് നടന്ന ദിവസം രാവിലെയാണ് വിളിച്ചതെന്നും ആക്ഷേപമുണ്ടായിരുന്നു. മൂന്നു കോടിയോളം ചെലവില്‍ നിര്‍മിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങിന് ക്ഷണക്കത്ത് പോലും ഉണ്ടായിരുന്നില്ല. ലോക്ഡൗണ്‍ കാലമായതിനാലാണെന്നാണ് പൊലീസിന്റെ വിശദീകരണം.

Top