ന്യൂഡല്‍ഹി: തന്നെ ആര്‍ക്കും തൊടാനാകില്ലെന്നും സത്യം വെളിപ്പെടുത്തുന്നതിനായി ഒരു കോടതിക്കും തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ലെന്നും ബലാത്സംഗം ഉള്‍പ്പടെയുള്ള കേസുകളില്‍ പ്രതിയായ ശേഷം ഇന്ത്യയില്‍ നിന്ന് കടന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് നിത്യാനന്ദ ഇക്കാര്യം പറയുന്നത്.
‘ സത്യവും യാഥാര്‍ത്ഥ്യവും തുറന്നുകാട്ടി നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ എന്റെ സത്യസന്ധത തെളിയിക്കും. എന്നെ ആര്‍ക്കും തൊടാന്‍ സാധിക്കില്ല. സത്യം വെളിപ്പെടുത്തുന്നതിനായി ഒരു മണ്ടന്‍ കോടതിക്കും എന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ല. എനിക്ക് നിങ്ങളോട് സത്യം പറയാന്‍ സാധിക്കും, ഞാന്‍ പരമ ശിവനാണ്.’ – നിത്യാനന്ദ പറഞ്ഞു. നവംബര്‍ 22 മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിത്യാനന്ദ പ്രസംഗിക്കുന്നതായാണ്.
"No judiciary can touch me. M param shiva"
: #NithyanandaSwami from an undisclosed location. pic.twitter.com/WXdZ6bGCdO— Divesh Singh (@YippeekiYay_DH) November 22, 2019
ഇക്വഡോറില്‍ നിന്ന് വാങ്ങിയ ദ്വീപില്‍ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ഭൂമിയിലെ മഹത്തായ ഹിന്ദു രാജ്യം’ എന്നാണ് കൈലാസയെ കുറിച്ച് നിത്യാനന്ദ വെബ്സൈറ്റില്‍ അവകാശപ്പെടുന്നത്. പ്രധാനമന്ത്രിയും മന്ത്രിസഭയുമെല്ലാമുള്ള പരമാധികാര റിപ്പബ്ലിക് ആണ് തന്റെ രാജ്യമെന്നും ‘ഭൂമിയിലെ മഹത്തായ ഹിന്ദു രാജ്യം’ ആണിതെന്നും നിത്യാനന്ദ വെബ് സൈറ്റിലൂടെ അവകാശപ്പെട്ടിരുന്നു.
എന്നാല്‍ നിത്യാനന്ദയ്ത്ത് അഭയം നല്‍കാന്‍ സഹായിക്കുകയോ ദക്ഷിണ അമേരിക്കയില്‍ ഏതെങ്കിലും ഭൂമി വാങ്ങാന്‍ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി ഇക്വഡോര്‍ രംഗത്തെത്തി.ഇക്വഡോര്‍ എംബസി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പിലാണ് അഭയം നല്‍കണമെന്നുള്ള നിത്യാനന്ദയുടെ അഭ്യര്‍ഥന തങ്ങള്‍ തള്ളിയതായി വ്യക്തമാക്കുന്നത്.
നിത്യാനന്ദയുടെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും നിത്യാനന്ദയുടെ അഭ്യര്‍ത്ഥന തങ്ങള്‍ തള്ളിയതായും നിത്യാനന്ദ ഹെയ്തിയിലേക്ക് പോയതായും എംബസി വ്യക്തമാക്കി.
ബലാത്സംഗ കേസില്‍ അറസ്റ്റുണ്ടാകുമെന്ന് ഉറപ്പായതിനെത്തുടര്‍ന്നാണ് നിത്യാനന്ദ ഇന്ത്യ വിട്ടത്. മാത്രമല്ല, രണ്ട് പെണ്‍കുട്ടികളെ അഹമ്മദാബാദിലെ ആശ്രമത്തില്‍ അനധികൃതമായി തടഞ്ഞുവച്ച കേസില്‍ നിത്യാനന്ദയ്ക്കെതിരെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നിത്യാനന്ദയുടെ അനുയായികളായ പ്രാണപ്രിയ, പ്രാണതത്വ എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്.