ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മദ്യം നിരോധിക്കണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം നടപ്പാക്കാന്‍ കഴിയില്ലെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍.
മദ്യത്തില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് സംസ്ഥാനത്ത് ക്ഷേമ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നതെന്നും എക്സൈസ് മന്ത്രി ജയ് പ്രതാപ് സിങ് അറിയിച്ചു. കോണ്‍ഗ്രസ്സ് നിയമസഭാകക്ഷി നേതാവ് അജയ് ലല്ലുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘എക്സൈസില്‍ നിന്നുള്ള വരുമാനമാണ് ക്ഷേമ പദ്ധതികള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. മദ്യ നിരോധനം അനധികൃത മദ്യ വില്‍പനയെ പ്രോത്സാഹിപ്പിക്കും. അങ്ങനെ ജനങ്ങള്‍ വ്യാജമദ്യം കഴിക്കുന്ന അവസ്ഥ സംജാതമാകും. ഇത് അവരുടെ ആരോഗ്യത്തെ ബാധിക്കും. വരുമാനവും പൊതു താത്പര്യവും കണക്കിലെടുത്ത് മദ്യം നിരോധിക്കേണ്ടെന്ന തീരുമാനത്തെ ന്യായീകരിക്കാം’, പ്രതാപ് സിങ് വ്യക്തമാക്കി.
എന്നാല്‍ 50 വര്‍ഷമായി സംസ്ഥാനം ഭരിച്ചവര്‍ നിലവില്‍ ഈ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത് വിരോധാഭാസമാണെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി സുരേഷ് കുമാര്‍ ഖന്ന പറയുന്നു.
ഞങ്ങള്‍ മദ്യത്തിനനുകൂലമല്ല പക്ഷെ മദ്യ നിരോധനമെന്നത് പ്രായോഗികമല്ല സുരേഷ് കുമാര്‍ ഖന്ന കൂട്ടിച്ചേര്‍ത്തു.