കുടിയേറ്റം തടയാന്‍ വീസ നിയമങ്ങള്‍ കര്‍ക്കശമാക്കി ബ്രിട്ടണ്‍

ലണ്ടന്‍: കുടിയേറ്റം തടയാന്‍ വീസ നിയമങ്ങള്‍ കര്‍ക്കശമാക്കി ബ്രിട്ടണ്‍. ഇതിനായി അഞ്ചിന പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയില്‍ നിന്നടക്കം കെയറര്‍ ജോലിക്കെത്തുന്നവര്‍ക്ക് ഇനി ആശ്രിത വീസ ലഭിക്കില്ല. വിദേശികള്‍ക്ക് കുടുംബ വീസ ലഭിക്കാനുള്ള ശമ്പള പരിധിയും ഉയര്‍ത്തി.

രാജ്യത്തേക്കുള്ള വിദേശ കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കിയത്. ഇന്ത്യക്കാരെയും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ബാധിക്കുന്ന തീരുമാനങ്ങള്‍ കഴിഞ്ഞ ദിവസം ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി ഹൗസ് ഓഫ് കോമണ്‍സില്‍ അവതരിപ്പിച്ചു. വിദേശികള്‍ക്ക് ആശ്രിതരെ യു.കെയിലേക്ക് കൊണ്ടുവരാനുള്ള വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതാണ് ഇതിലെ നിര്‍ദേശങ്ങള്‍ എല്ലാം.

കെയറര്‍ ജോലിക്കെത്തുന്നവര്‍ക്ക് ഇനി മുതല്‍ കുടുംബാംഗങ്ങളെ ആശ്രിത വിസയില്‍ യുകെയിലേക്ക് കൊണ്ടുവരാന്‍ കഴിയില്ല. വിദഗ്ധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള കുറഞ്ഞ ശമ്പള നിബന്ധന ഇപ്പോഴത്തെ 26,000 പൗണ്ടില്‍ നിന്ന് 38,700 പൗണ്ടായി വര്‍ദ്ധിപ്പിച്ചു. ഫാമിലി വിസ കാറ്റഗറിയില്‍ അപേക്ഷിക്കുന്നവര്‍ക്കും ഇതേ ശമ്പള നിബന്ധന തന്നെ ബാധകമായിരിക്കും. നിലവില്‍ അവര്‍ക്ക് 18,600 പൗണ്ടാണ് വേണ്ടിയിരുന്നത്. പുതിയ തീരുമാനങ്ങളും ഒപ്പം വിദ്യാര്‍ത്ഥികളുടെ ആശ്രിതരെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണങ്ങളും കൂടിയാവുമ്പോള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അടുത്ത വര്‍ഷങ്ങളില്‍ യുകെയില്‍ എത്തുന്നവരുടെ എണ്ണത്തില്‍ മൂന്ന് ലക്ഷത്തോളം പേരുടെ കുറവ് വരുമെന്ന് ഹോം സെക്രട്ടറി അവകാശപ്പെട്ടു. 2024ന്റെ ആദ്യ പകുതിയോടെ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരും.

Top