റോക്കറ്റ് ഇന്ധനം നിര്‍മ്മിക്കാന്‍ ഇനി ചാണകം; പരീക്ഷണവുമായി ഒരു ജാപ്പനീസ് കമ്പനി രംഗത്ത്

ചാണകം ഉപയോഗിച്ച് റോക്കറ്റ് ഇന്ധനം നിര്‍മ്മിക്കാനുള്ള പരീക്ഷണവുമായി ഒരു ജാപ്പനീസ് കമ്പനി രംഗത്ത്. ജപ്പാനിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ദ്വീപായ ഹോക്കൈഡോ ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് സ്ഥാപനമായ ഇന്റര്‍സ്റ്റെല്ലാര്‍ ടെക്‌നോളജീസ് ഇങ്ക് നിര്‍മ്മിക്കുന്ന റോക്കറ്റുകളിലാണ് എയര്‍ വാട്ടര്‍ കമ്പനി ചാണകത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന റോക്കറ്റ് ഇന്ധനം പരീക്ഷണം നടത്തുന്നത്.

പശുവിസര്‍ജ്ജനം ഉപയോഗിച്ച് ദ്രവരൂപത്തിലുള്ള ബയോമീഥേന്‍ നിര്‍മ്മിക്കാന്‍ ജപ്പാനിലെ ഒരു രാസവസ്തു നിര്‍മ്മാണ കമ്പനി പ്രവര്‍ത്തിക്കുന്നുവെന്നും അത് റോക്കറ്റ് ഇന്ധനമായി ഉപയോഗിക്കും എന്നും ക്യോഡോ ന്യൂസിനെ ഉദ്ദരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എയര്‍ വാട്ടര്‍ എന്ന കമ്പനി പരീക്ഷിക്കുന്ന ചാണക ഇന്ധനമാക്കിയ റോക്കറ്റുകള്‍ സംസ്‌കരണ വെല്ലുവിളികള്‍ നേരിടുന്ന ക്ഷീര കര്‍ഷകരെ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2021 മുതല്‍ ഹോക്കൈഡോയില്‍ എയര്‍ വാട്ടര്‍ കമ്പനി ലിക്വിഡ് ബയോമീഥേന്‍ നിര്‍മ്മിക്കുന്നുണ്ട്. ക്യോഡോ ന്യൂസ് അനുസരിച്ച്, ഒബിഹിറോയിലെ ഒരു ഫാക്ടറിയിലേക്ക് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ബയോഗ്യാസ് കൊണ്ടുപോകുന്നതിന് മുമ്പ് തായ്കി പട്ടണത്തിലെ ഒരു ഡയറി ഫാമില്‍ നിര്‍മ്മിച്ച ഒരു പ്ലാന്റില്‍ ചാണകവും മൂത്രവും കമ്പനി പുളിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മീഥേന്‍ ഉല്‍പന്നത്തില്‍ നിന്ന് വേര്‍തിരിച്ച് തണുപ്പിച്ച് ദ്രാവക ബയോമീഥേന്‍ ആക്കി മാറ്റുന്നു. റോക്കറ്റുകള്‍ക്ക് ബഹിരാകാശത്തേക്ക് കുതിക്കുന്നതിന്, വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് ദ്രവ ഇന്ധനം ആവശ്യമാണ്. സാധാരണയായി ഉയര്‍ന്ന ശുദ്ധിയുള്ള മീഥേന്‍ ദ്രവ പ്രകൃതി വാതകം ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. മാലിന്യ ഉറവിട ബയോഗ്യാസ് വഴി സമാനമായ ഗുണനിലവാരമുള്ള മീഥേന്‍ സൃഷ്ടിക്കാനാണ് കമ്പനി പ്രവര്‍ത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പശുവിന്റെ വിസര്‍ജ്ജന അവശിഷ്ടങ്ങളില്‍ നിന്ന് സൃഷ്ടിക്കുന്ന ഇന്ധനം അതിന്റെ റോക്കറ്റുകള്‍ക്ക് ഉപയോഗിക്കാനാകുമോ എന്ന് സ്ഥിരീകരിക്കാന്‍ ഇന്റര്‍സ്റ്റെല്ലാര്‍ ടെക്‌നോളജീസ് ടെസ്റ്റുകള്‍ നടത്തും. ആദ്യം ഒരു ചെറിയ സാറ്റലൈറ്റ് പേലോഡുള്ള സീറോ റോക്കറ്റിനായി ഇത് ഉപയോഗിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കാര്‍ബണ്‍ ന്യൂട്രല്‍ എനര്‍ജി ഉപയോഗിച്ച് റോക്കറ്റ് മുകളിലേക്ക് അയയ്ക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് എയര്‍ വാട്ടര്‍ പ്രതിനിധി പറഞ്ഞതായി, ക്യോഡോ ന്യൂസിനെ ഉദ്ദരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Top