തിരുവനന്തപുരം: പുതിയ സ്‌പോര്‍ട്‌സ് ഭേദഗതി ബില്‍ നിയമസഭ പാസാക്കി. സ്‌പോര്‍ട്‌സ് കൗണ്‍സിലുകളിലേക്ക് തെരഞ്ഞെടുപ്പ് വ്യവസ്ഥ ചെയ്തും ഭാരവാഹികള്‍ക്ക് കാലാവധി നിശ്ചയിച്ചുമാണ് പുതിയ ബില്‍ പാസ്സാക്കിയത്. സ്‌പോര്‍ട്‌സ് കൗണ്‍സിലുകളിലേക്ക് നാമനിര്‍ദ്ദേശം നടത്തുന്ന രീതി അവസാനിപ്പിച്ചാണ് സംസ്ഥാന, ജില്ലാ, പഞ്ചായത്ത് കൗണ്‍സിലുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്താനുളള നിയമ ഭേദഗതി. ഭാരവാഹികളുടെ പ്രായപരിധി 70 വയസായി നിജപ്പെടുത്തി. പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും കാലാവധി പത്ത് വര്‍ഷമാക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 11ന് മുമ്പ് സംസ്ഥാന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കായിക മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെയും കായിക സംഘടനകളുടെയും ഭാരവാഹികളായി കായിക രംഗത്തുളളവരെ കൊണ്ടു വരുമെന്നും പുതിയ നിയമത്തില്‍ പറയുന്നു.
കായിക പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത്, കോര്‍പറേഷന്‍, മുന്‍സിപ്പല്‍ തലങ്ങളിലും സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിക്കും. അംഗീകാരമില്ലാത്ത കായിക സംഘടനകള്‍ നടത്തുന്ന മല്‍സരങ്ങള്‍ നിയന്ത്രിക്കാനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്.