NO Need for adu antonys fund ;MANIYAN PILLAI’S FAMILY

കൊല്ലം : പൊലീസ് ഡ്രൈവര്‍ മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന ഗ്രേഡ് എസ്‌ഐ ജോയിയെ മാരകമായി പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയുടെ ശിക്ഷാവിധി അല്‍പസമയത്തിനകം പ്രഖ്യാപിക്കും.

കൊല്ലം സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിക്കുക.

ആട് ആന്റണിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും മണിയന്‍പിള്ളയുടെ കുടുംബത്തിനു സര്‍ക്കാര്‍ ധനസഹായം ഉറപ്പാക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു.

അതിനിടെ, ആട് ആന്റണിയുടെ ധനസഹായം വേണ്ടെന്ന് മണിയന്‍പിള്ളയുടെ കുടുംബം അറിയിച്ചു. ആന്റണിയുടെ കയ്യിലുള്ളത് കളവു മുതലാണെന്നും അതു തങ്ങള്‍ക്കു വേണ്ടെന്നും കുടുംബം വ്യക്തമാക്കി.

കേസില്‍ ആട് ആന്റണി കുറ്റക്കാരനാണെന്നു പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. വധശ്രമം, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പരുക്കേല്‍പ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ സത്യസന്ധമെന്ന നിലയില്‍ ഉപയോഗിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണു പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്

. പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും പൂര്‍ണമായും കോടതി അംഗീകരിച്ചു. കൊലപാതകം നടക്കുമ്പോള്‍ ആന്റണി കേരളത്തില്‍ ഇല്ലായിരുന്നുവെന്നും പൊലീസുകാര്‍ കള്ളക്കേസില്‍ കുടുക്കിയതാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. കഴിഞ്ഞ ജൂണില്‍ തുടങ്ങിയ വിചാരണ അതിവേഗമാണു പൂര്‍ത്തിയാക്കിയത്.

രാത്രിപരിശോധനയ്ക്കിടെ പാരിപ്പള്ളി കുളമട റോഡിലെ ജവാഹര്‍ ജംക്ഷനു സമീപം 2012 ജൂണ്‍ 26ന് അര്‍ധരാത്രി 12.30ന് ആണു പാരിപ്പള്ളി സ്റ്റേഷനിലെ പൊലീസ് ഡ്രൈവര്‍ പൂയപ്പള്ളി കൊട്ടറ കൈതറ പൊയ്കയില്‍ മണിയന്‍ പിള്ള (48) കുത്തേറ്റു മരിച്ചത്.

കേരളത്തിലും തമിഴ്‌നാട്ടിലുമായി ഇരുന്നൂറോളം കവര്‍ച്ചക്കേസുകളില്‍ പ്രതിയായ കുണ്ടറ പേരയം കുമ്പളം നെടുവിള വടക്കതില്‍ ആന്റണി വര്‍ഗീസിനെ (ആട് ആന്റണി 54) കസ്റ്റഡിയിലെടുത്തു പൊലീസ് ജീപ്പില്‍ കയറ്റിയപ്പോഴായിരുന്നു ആക്രമണം.

ജംക്ഷനു സമീപത്തെ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ കവര്‍ച്ച നടത്താന്‍ വാന്‍ റോഡരികിലിട്ടു കാത്തുനില്‍ക്കുകയായിരുന്നു ആന്റണി. ഈ സമയം ജീപ്പില്‍ വന്ന ജോയിയും മണിയന്‍ പിള്ളയും സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട പ്രതിയെ ചോദ്യം ചെയ്യാനാണു കസ്റ്റഡിയിലെടുത്തത്.

പിന്‍സീറ്റിലിരുന്ന ആന്റണി കൈവശം കരുതിയ കത്തി ഉപയോഗിച്ചാണു മണിയന്‍ പിള്ളയുടെ നെഞ്ചില്‍ കുത്തിയത്.

ഒപ്പമുണ്ടായിരുന്ന ഗ്രേഡ് എസ്‌ഐ പൂയപ്പള്ളി ചെങ്കുളം പനവിള വീട്ടില്‍ ജോയി വയറ്റത്തു കുത്തേറ്റ് ആറുമാസം ചികില്‍സയില്‍ കഴിഞ്ഞു. ആക്രമണത്തിനു ശേഷം വാനില്‍ വര്‍ക്കല ഭാഗത്തേക്കു കടന്ന പ്രതി മൂന്നു കൊല്ലത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഒളിവിലായിരുന്നു

. നീണ്ടകാലത്തെ തിരച്ചിലിനൊടുവില്‍ പാലക്കാട് ഗോപാലപുരത്തുനിന്നു 2015 ഒക്ടോബര്‍ 13നു ചിറ്റൂര്‍ പൊലീസാണു പിടികൂടിയത്.

Top