ഒഡിഷയിൽ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. മുഖ്യമന്ത്രി നവീൻ പട്നായിക് നേതൃത്വം നൽകുന്ന ബിജു ജനതാദളുമായി ബിജെപി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
ബിജെപി ഒഡിഷ സംസ്ഥാന പ്രസിഡണ്ട് മൻമോഹൻ സമാൽ എക്സിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒഡിഷയിലെ 4.5കോടി ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിലൂടെ വികസനം ഉറപ്പാക്കാൻ, വികസിത ഇന്ത്യയും വികസിത ഒഡിഷയും ഉണ്ടാകാൻ ലോക്സഭയിലേക്കുള്ള 21 സീറ്റുകളിലും നിയമസഭയിലേക്കുള്ള 147 സീറ്റുകളിലും ബിജെപി തനിയെ മത്സരിക്കും. മൻമോഹൻ സമാൽ എക്സിൽ കുറിച്ചു. മോദി സർക്കാരിന്റെ പല വികസന പദ്ധതികളും ഒഡിഷയിലെ ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും സമാൽ കുറ്റപ്പെടുത്തി. ഒഡിഷയിലെ പാവപ്പെട്ട സഹോദരീസഹോദരന്മാർക്ക് അവർക്കവകാശപ്പെട്ടത് ലഭ്യമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
1998 മുതൽ 2009വരെ ബിജെപിയും ബിജു ജനതാദളും സഖ്യത്തിലായിരുന്നു. മൂന്ന് ലോക്സഭാ തിരഞ്ഞെടുപ്പുകളും രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളും സഖ്യം നേരിട്ടിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് ഒഡിഷയിൽ നിയമസഭയിലേക്കും തിരഞ്ഞെടുപ്പ്. മെയ് 13 മുതൽ നാല് ഘട്ടങ്ങളിലായാണ് ഒഡിഷ ജനവിധി തേടുക. നിലവിൽ എട്ട് ലോക്സഭാ എംപിമാരാണ് ഒഡിഷയിൽ നിന്ന് ബിജെപിക്കുള്ളത്. നിയമസഭയിൽ 23 ബിജെപി അംഗങ്ങളുണ്ട്. ബിജു ജനതാദളിന് 12 എംപിമാരാണ് ഉള്ളത്. പാർട്ടിയുടെ നിയമസഭയിലെ അംഗബലം 112 ആണ്.