കൊച്ചി: ബാര്‍ കോഴ കേസില്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരേ സി.ബി.ഐ അന്വേഷണം നടത്തേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിന്മേലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ബാര്‍ലൈസന്‍സ് ഫീസ് 22 ലക്ഷത്തില്‍ നിന്നു 30 ലക്ഷമാക്കാതിരിക്കാന്‍ ബാബു 10 കോടി ആവശ്യപ്പെട്ടെന്നും സെക്രട്ടേറിയറ്റില്‍ വച്ച് 50 ലക്ഷം കൈമാറിയെന്ന ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണത്തെ കുറിച്ചായിരുന്നു അന്വേഷണം ആവശ്യപ്പെട്ടത്.
ബാബുവിനെതിരെ ഉയര്‍ന്ന കോഴ ആരോപണത്തെ കുറിച്ച് വിജിലന്‍സ് എറണാകുളം യൂണിറ്റ് അന്വേഷിച്ചതാണെന്നും അന്വേഷണത്തില്‍ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേസില്‍ 23 സാക്ഷികളുടെ മൊഴിയെടുത്തു. ഇവരാരും തന്നെ മന്ത്രി കോഴ വാങ്ങിയതായി മൊഴി നല്‍കുകയോ തെളിവുകള്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ല.
അതിനാലാണ് കഴിഞ്ഞ വര്‍ഷം ജൂലായില്‍ ബാബുവിനെതിരായ അന്വേഷണം അവസാനിപ്പിക്കാനും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടെന്നും തീരുമാനിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു.
എറണാകുളം, തൃശൂര്‍ വിജിലന്‍സ് കോടതികളിലും തിരുവനന്തപുരം ലോകായുക്തയിലും മന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇവയിലൊക്കെ അന്വേഷണം നടന്നു വരികയാണ്. ലോകായുക്തയിലെ കേസ് മാറ്റി വച്ചിരിക്കുകയാണ്. മറ്റു രണ്ടു കോടതികളിലെ കേസുകളില്‍ ബാബുവിനെതിരെ തെളിവൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ആരോപണത്തെ കുറിച്ച് ആക്ഷേപമോ പരാതിയോ ഉള്ളവര്‍ക്ക് കീഴ്‌ക്കോടതികളിലെ കക്ഷി ചേരാവുന്നതേയുള്ളൂവെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു.