വിജയ് ബാബുവിന് എതിരെ പുതിയ പരാതി ലഭിച്ചിട്ടില്ല; അറസ്റ്റിനായി വിദേശത്തു പോവേണ്ടിവന്നാൽ പോവും: കമ്മീഷണർ

കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബുവിന് എതിരായ പുതിയ മീടു ആരോപണത്തിൽ പൊലീസിനു പരാതി ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി കമ്മിഷണർ സിഎച്ച് നാഗരാജു. സോഷ്യൽ മീഡിയയിൽ പുതിയ ആരോപണം വന്നെങ്കിലും ആരും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടില്ല. പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും കമ്മിഷണർ പറഞ്ഞു.

മുൻകൂർ ജാമ്യാപേക്ഷ വിജയ് ബാബുവിന്റെ അറസ്റ്റിന് തടസ്സമല്ലെന്ന് കമ്മിഷണർ പറഞ്ഞു. ഹാജരാവാൻ ആവശ്യപ്പെട്ട് വിജയ് ബാബുവിന്റെ വീട്ടിൽ നോട്ടീസ് നൽകിയിട്ടുണ്ട്. കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറസ്റ്റിനായി വിദേശത്തു പോവേണ്ടിവന്നാൽ പോവുമെന്നും കമ്മിഷണർ പറഞ്ഞു.

ബലാത്സംഗ പരാതിയിൽ കേസെടുക്കാൻ കാലതാമസമുണ്ടായിട്ടില്ല. 22നാണ് പരാതി ലഭിച്ചത്. അന്നു തന്നെ കേസെടുത്ത് അന്വേഷണം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം നവംബറിൽ നടന്ന സംഭവത്തെക്കുറിച്ചാണ് യുവതി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തൽ നടത്തിയത്. പ്രൊഫഷണൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ എത്തിയതിനിടെ സമ്മതമില്ലാതെ വിജയ് ബാബു ചുണ്ടിൽ ചുംബിക്കാൻ ശ്രമിച്ചുവെന്നാണ് വിമൺ എഗൈൻസ്റ്റ് സെക്വഷൽ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക്ക് പേജിൽ നടത്തിയ വെളിപ്പെടുത്തൽ.

Top