17ാം തിയതിയിലെ ഹര്‍ത്താലിന് നോട്ടീസില്ല, സംഘാടകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ്

കാസര്‍ഗോഡ് : പൗരത്വ നിയമ ഭേദഗതിക്കെതിരെ 17 -ാം തിയതി ഹര്‍ത്താല്‍ നടത്തുന്നതായി കാണിച്ച് രാഷ്ട്രീയപാര്‍ട്ടികളുടെ നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്. നോട്ടീസ് നല്‍കി അറിയിക്കാത്ത പക്ഷം ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കുമെന്നും കാസര്‍ഗോഡ് പൊലീസ് മുന്നറിയിപ്പ് നല്‍കി.

ഹര്‍ത്താല്‍ നടത്തുന്നത് നിയമവിരുദ്ധമാണെന്നും ഈ ദിവസം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുകയോ അനുകൂലിക്കുകയോ ചെയ്താല്‍ ഹര്‍ത്താലിന്റെ എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ഉത്തരവാദിത്വവും പ്രസ്തുത സംഘനകളുടെ ജില്ലാ നേതാക്കള്‍ക്കായിരിക്കുമെന്നുമെന്നും അവരുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് മേധാവിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഹര്‍ത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അറിയിപ്പ്.

പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് മണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ അറിയിപ്പ്.

എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബി എസ് പി, കേരള മുസ്ലിം യുവജന ഫെഡറേഷന്‍, സോളിഡാരിറ്റി, എസ് ഐ ഒ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം, ഡി എച്ച് ആര്‍ എം, ജമാ- അത്ത് കൗണ്‍സില്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗ തീരുമാനമാണെന്നുള്ള രീതിയിലാണ് സന്ദേശം പ്രചരിപ്പിക്കുന്നത്.

Top