ജമ്മുവില്‍ കേന്ദ്രം കൊണ്ടുവരുന്ന വികസനം തടയാന്‍ ആര്‍ക്കും കഴിയില്ല; അമിത് ഷാ

ജമ്മു: ജമ്മു കാശ്മീരിലെ മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന വികസനം തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മുവിലും കാശ്മീരിലും സന്ദര്‍ശനം നടത്തവെ ഐഐടി ജമ്മുവിലെ പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്ത ശേഷം പ്രസംഗിക്കവെയാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്.

‘ജമ്മുവില്‍ ഇനിയാര്‍ക്കും വിവേചനം നേരിടേണ്ടി വരില്ല. ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തുകളയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചതോടെ ഇവിടുത്തെ വാല്‍മീകി സമാജത്തിനും പശ്ചിമ പാക് അഭയാര്‍ത്ഥികള്‍ക്കുമുളള പ്രശ്‌നങ്ങള്‍ അവസാനിച്ചു. മിനിമം വേതന നിയമം ജമ്മു കാശ്മീരില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കി.’ അമിത് ഷാ പറഞ്ഞു.

മുന്‍പ് കാശ്മീരില്‍ ഏഴ് മെഡിക്കല്‍ കോളേജുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുതിയ ഏഴ് മെഡിക്കല്‍ കോളേജുകള്‍ കൂടി മോദി സര്‍ക്കാര്‍ ആരംഭിക്കാന്‍ നടപടിയെടുത്തെന്നും അമിത് ഷാ അറിയിച്ചു. കാശ്മീരിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ട വികസനം ചിലര്‍ തടയാന്‍ ശ്രമിക്കുകയാണെന്നും ഇനി അത് നടക്കില്ലെന്നും ഷാ പറഞ്ഞു. താഴ്‌വരയുടെ വികസനത്തിനായി പ്രവര്‍ത്തിക്കണമെന്നും തീവ്രവാദത്തിന്റെ പിടിയില്‍ നിന്നും മോചിതരാകാനും യുവജനങ്ങളോട് അമിത് ഷാ ആവശ്യപ്പെട്ടു.

Top