സുധീരനെ ‘തൊടാൻ’ കഴിയില്ല, അണിയറയിൽ സാക്ഷാൽ ആന്റണി, ഹൈക്കമാന്റും കൂടെ . .

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം എ.കെ ആന്റണിയുടെയും കെ. കരുണാകരന്റെയും നേതൃത്വത്തില്‍ എ, ഐ ഗ്രൂപ്പുകളായി ചേരി തിരിഞ്ഞ് പോരടിക്കുമ്പോള്‍ ആന്റണി ഗ്രൂപ്പിന്റെ കുന്തമുനയായ വി.എം സുധീരന്‍, ഉമ്മന്‍ചാണ്ടിക്കെതിരെ കലാപം നയിക്കുന്നത് എ.കെ ആന്റണിയുടെ മൗന സമ്മതത്തിലോ…?

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് സുധീരന്റെ പടപ്പുറപ്പാട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പാപഭാരം ചുമത്തി എ.കെ ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവെപ്പിച്ച് കേന്ദ്രത്തിലേക്ക് നാടുകടത്തിയതോടെ കേരളത്തിലെ എ ഗ്രൂപ്പിന്റെ നേതൃത്വം ഉമ്മന്‍ചാണ്ടിയുടെ കൈപ്പിടിയിലാണ്.

ആന്റണിയുടെ വിശ്വസ്ഥനായ സുധീരനടക്കം ഗ്രൂപ്പിന് പുറത്തായി. കെ.സി ജോസഫും ബെന്നി ബെഹ്‌നാനും കെ. ബാബുവും അടക്കമുള്ള ഇളമുറക്കാര്‍ ഗ്രൂപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥരായപ്പോള്‍ ആന്റണിയുടെ അടുപ്പക്കാരായിരുന്ന സുധീരനും പി.ടി ചാക്കോ അടക്കമുള്ളവരെല്ലാം അകലുകയായിരുന്നു.

സുധീരന്‍ ഹൈക്കമാന്റ് പിന്തുണയോടെ കെ.പി.സി.സി പ്രസിഡന്റായപ്പോഴാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ പോര്‍മുഖം തുറന്നത്. ബാര്‍ പൂട്ടല്‍, ബാര്‍ കോഴ, വിഴിഞ്ഞം കരാര്‍, കരുണ എസ്‌റ്റേറ്റ് വിഷയം അടക്കമുള്ള പ്രശ്‌നങ്ങളിലെല്ലാം സുധീരന്‍ ഉമ്മന്‍ചാണ്ടിക്കെതിരായിരുന്നു.

WhatsApp Image 2018-06-13 at 9.38.48 PM

ഡി.സി.സി പുനസംഘടനയില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥരായിരുന്ന വി.വി പ്രകാശിനെ സ്വന്തം പാളയത്തിലെത്തിച്ച് മലപ്പുറത്തും, ടി.എന്‍ പ്രതാപനെ തൃശൂരിലും, സതീശന്‍ പാച്ചേനിയെ കണ്ണൂരിലും സുധീരന്‍ ഡി.സി.സി പ്രസിഡന്റുമാരാക്കി. കെ.പി.സി.സി ഭാരവാഹികളില്‍ കെ.പി അനില്‍കുമാര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പന്തളം സുധാകരന്‍ എന്നീ ഐ ഗ്രൂപ്പ് നേതാക്കളെയും ഒപ്പം കൂട്ടി.

നിയമസഭാ സീറ്റ് നിര്‍ണയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥനായ ബെന്നി ബെഹ്‌നാന്റെ തൃക്കാക്കരയിലെ സിറ്റിങ് സീറ്റില്‍ പി.ടി തോമസിനെ നിര്‍ത്തി. കെ. ബാബുവിന് സീറ്റ് നല്‍കരുതെന്ന് നിലപാടെടുത്തെങ്കിലും ഉമ്മന്‍ചാണ്ടിയുടെ സമ്മര്‍ദ്ദത്തില്‍ സീറ്റ് ലഭിച്ച ബാബു ദയനീമായി പരാജയപ്പെടുകയും ചെയ്തു. കനത്ത തോല്‍വിയില്‍ ഭരണം നഷ്ടമായപ്പോള്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒന്നിച്ചാണ് സുധീരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്നും പുകച്ചു ചാടിച്ചത്.

രാജ്യസഭാ സീറ്റ് നിര്‍ണയത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗംകൂടിയായ എ.കെ ആന്റണിയുടെ അഭിപ്രായം പോലും ആരായാതെയാണ് ഉമ്മന്‍ചാണ്ടി പി.കെ കുഞ്ഞാലിക്കുട്ടിയുമായി ചേര്‍ന്ന് പി.ജെ കുര്യനെ വെട്ടി കെ.എം മാണിയുടെ മകന്‍ ജോസ് കെ. മാണിക്ക് സീറ്റ് നല്‍കിയത്. ആന്റണിയുടെ അഭിപ്രായംതേടാതെ നടത്തിയ സീറ്റ് വിട്ടു നല്‍കലില്‍ ഹൈക്കമാന്റിനും അതൃപ്തിയുണ്ട്.

കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെയും എ.കെ ആന്റണിയുടെയും മനസറിഞ്ഞു തന്നെയാണ് സുധീരന്‍ വാര്‍ത്താ സമ്മേളനം നടത്തി ഉമ്മന്‍ചാണ്ടിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയതെന്ന നിഗമനത്തിലാണിപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍. സുധീരനെതിരെ പ്രതിരോധം തീര്‍ക്കാതെ എ ഗ്രൂപ്പ് നേതാക്കള്‍ മൗനം പാലിക്കുന്നതും ഈ കളികണ്ടാണ്. കെ.സി ജോസഫിന്റെ മറുപടി പോലും ദുര്‍ബലമാവുകയും ചെയ്തു. മാത്രമല്ല, സുധീരന്റെ ആദര്‍ശപരിവേഷം കൂടുതല്‍ തിളങ്ങുകയും ചെയ്തു.

Top