ലോകകപ്പ് മത്സരത്തിൽ അർജന്റീനയെ നേരിടാൻ ഒരുങ്ങുന്ന ഫ്രഞ്ച് ഫുട്ബോൾ താരങ്ങൾക്കിടയിൽ പോലും ഇപ്പോൾ നടക്കുന്ന ചർച്ച മെസിയാണോ എംബാപ്പെ യാണോ കേമനെന്നതാണ്. ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമാണ് താരങ്ങൾക്കിടയിലുള്ളത്. സ്വന്തം മുന്നണിപ്പോരാളിയായ സൂപ്പർ താരം കിലിയൻ എംബാപ്പെയാണ് കേമനെന്ന് ഫ്രഞ്ച് ടീമിലെ ഔർലീൻ ഷൗമെനി പറയുമ്പോൾ അതേ ടീമിലെ മിന്നും താരമായ അന്റോയിൻ ഗ്രീസ്മാൻ പറയുന്നത് ലോകത്തെ മികച്ച ഫുട്ബാളർ മെസി തന്നെയാണെന്നാണ്.
മുൻനിര മുതൽ പ്രതിരോധം വരെ പ്ലാറ്റീനിയും സിദാനും സമ്മേളിച്ച പ്ലേ മേക്കർ എന്നാണ് ഗ്രീസ്‌മാൻ എന്ന പടനായകന് ഫ്രഞ്ച് മുൻ താരം ക്രിസ്റ്റഡി ഗുഡാരി നൽകിയിരിക്കുന്ന വിശേഷണം. ഫ്രാൻസിന് വേണ്ടി ഗോളടിക്കുന്നത് എംബാപ്പയും ജിറൂദുമാണെങ്കിലും ഗോളിലേക്ക് വഴിയൊരുക്കുന്നത് ഗ്രീസ്‌മാനാണ്. ഗ്രൗണ്ടിൽ പറന്നുകളിക്കുന്ന ആ ഗ്രീസ്‌മാനാണ് മെസിയാണ് ലോകത്തെ മികച്ച ഫുട്ബോളർ എന്ന് തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു രഹസ്യ വോട്ടെടുപ്പ് നടത്തിയാൽ എംബാപ്പെയുടെ ടീമിൽ പോലും മെസ്സിയാണ് ചാംപ്യനാവുക എന്നത് വ്യക്തം. ഗ്രീസ്മാന്റെ അഭിപ്രായമാണ് മിക്ക ഫ്രഞ്ച് താരങ്ങൾക്കും ഉള്ളതെങ്കിലും അവർ ഇക്കാര്യം പരസ്യമായി പറയാൻ ആഗ്രഹിക്കാത്തത് ഫൈനൽ മത്സരം നടക്കാനിരിക്കുന്നതിനാൽ മാത്രമാണ്.
അതേസമയം, എംബാപ്പയുടെ മനോവീര്യം തകർക്കരുതെന്ന കർശന നിർദ്ദേശം ഫ്രഞ്ച് കോച്ച് ഉൾപ്പെടെയുള്ളവരും താരങ്ങൾക്ക് നൽകിയിട്ടുണ്ട്. എതിർ ക്യാംപിൽ പോലും ഭിന്നത വിതച്ചാണ് ലയണൽ മെസി എന്ന താരം കാൽപന്ത് ലോകത്ത് തല ഉയർത്തി നിൽക്കുന്നത്. ആ സിംഹത്തിനു മുന്നിൽ എംബാപ്പെ ഒന്നുമല്ലന്നതും അർജന്റീന വിരുദ്ധർ തിരിച്ചറിയണം. മെസി ഈ കളി കളിക്കുന്നത് തന്റെ മുപ്പത്തിയഞ്ചാമത്തെ വയസ്സിലാണ്. ഈ പ്രായത്തിൽ എംബാപ്പെ കളിക്കളത്തിൽ ഉണ്ടാകുമോ എന്നത് തന്നെ സംശയമാണ്.
ഇരുപത്തി മൂന്നുകാരനായ എംബാപ്പെയുടെ ഈ പ്രായത്തിൽ മെസി കാഴ്ചവച്ച വിസ്മയ പ്രകടനം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ ദൃശ്യമാണ്. ഇതെല്ലാം കണ്ടുവേണം മെസിയുമായി താരതമ്യം ചെയ്യുവാൻ. മുൻ ചെൽസി വിംഗർ ഡാമിയൻ ഡഫ് പറഞ്ഞതു പോലെ കൈലിയൻ എംബാപ്പെയ്ക്ക് നല്ല കാലത്തുള്ള മെസ്സിയുടെ ബൂട്ട് പോലും കെട്ടാൻ കഴിയില്ലെന്നതും ഓർത്തു കൊള്ളണം. മെസ്സിയുടെ ഏറ്റവും മികച്ച പതിപ്പിനെ തൊടാൻ എംബാപ്പെക്ക് ആകില്ലന്ന് പറഞ്ഞ ഡഫ്, 23, 24 വയസ്സുള്ളപ്പോൾ ഉള്ള മെസ്സിയാണ് എക്കാലത്തെയും മികച്ചതെന്നും തുറന്നടിച്ചിട്ടുണ്ട്.
കുട്ടിക്കാലം മുതൽ വിധിയോട് പടവെട്ടി മുന്നറിയ ചരിത്രമാണ് മെസിയുടേത്. തളർന്നു വീണു പോകുമെന്ന് ഡോക്ടർമാർ വിധി എഴുതിയടത്തു നിന്നാണ് അവന്റെ തുടക്കം. കഷ്ടപ്പാടുകളെ അതിജീവിച്ച് ഫുട്ബോൾ ജീവിതത്തിൽ ചരിത്രമെഴുതിയ നിരവധി താരങ്ങൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ വളർച്ചാ ഹോർമോൺ കുറവു മൂലം തളർന്നു വീണു പോകുമായിരുന ബാല്യമൊന്നും മറ്റൊരു താരത്തിനും ഉണ്ടായിട്ടുണ്ടാവുകയില്ല.
ക്രിസ്റ്റ്യാനോ റൊണാൾഡോ കണ്ണീരോടെ മടങ്ങിയത് പോലെ ഒരു മടക്കം മെസിക്ക് ഉണ്ടാകരുതെന്നാണ് അർജന്റീനയുടെ ശത്രുക്കൾ പോലും ഇപ്പോൾ ആഗ്രഹിക്കുന്നത്. ബ്രസീൽ സൂപ്പർ താരം നെയ്മർ ഉൾപ്പെടെ ഇങ്ങനെ ആഗ്രഹിക്കുന്നവർ ഏറെയാണ്. ലോകകപ്പ് മെസിക്ക് അവകാശപ്പെട്ടതു തന്നെയാണെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി നിരവധി താരങ്ങളാണ് ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്. യഥാർത്ഥത്തിൽ ഫുട്ബോൾ ലോകം ആകെയാണ് മെസിയുടെ ഈ കിരീട നേട്ടത്തിനായി കാത്തിരിക്കുന്നത്.
അർജന്റീനക്കു വേണ്ടി മെസി കപ്പ് ഉയർത്തിയിൽ ലോകം ആകെ സന്തോഷത്താൽ ആറാടും. ദൗർഭാഗ്യവശാൽ അത് സംഭവിച്ചില്ലങ്കിൽ കായിക ലോകത്തിന്റെ ചങ്കാണ് തകരുക. അത്രമാത്രം ഈ കുറിയ മനുഷ്യനെ ലോകം സ്നേഹിക്കുന്നുണ്ട്. ലോകത്തെ മറ്റൊരു താരത്തിനും ലഭിക്കാത്ത പിന്തുണയാണിത്. ലോകകപ്പിലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ കളി കാണാനെത്തിയത് അർജന്റീന കളത്തിൽ ഇറങ്ങിയപ്പോൾ മാത്രമാണ്. മറഡോണയോടും മെസിയോടുമുള്ള ആരാധനയാണ് അർജന്റീനയ്ക്ക് ഖത്തറിലും തുണയായിരിക്കുന്നത്.
ഫൈനൽ മത്സരത്തിലും കാണികളുടെ പിന്തുണ ഏറെയും അർജന്റീനയ്ക്കു തന്നെയാകാനാണ് സാധ്യത. ലോകത്തെ മികച്ച ഫുട്ബോളർക്കുളള കിരീടം ഏറ്റവും കൂടുതൽ നേടിയ ലയണൽ മെസി കോപ്പ അമേരിക്കൻ കിരീടം അർജന്റീനയ്ക്ക് സമ്മാനിച്ചാണ് ഖത്തറിൽ കാലുകുത്തിയിരിക്കുന്നത്. ഇനി ഈ ലോകകപ്പ് കിരീടം മാത്രമാണ് നേടാൻ ബാക്കിയുള്ളത്. അതു കൂടി ലഭിച്ചാൽ ആ ജീവിതം തന്നെ ധന്യമാകും. അത് സംഭവിക്കട്ടെ എന്നു തന്നെയാണ് മെസിയുടെ കോടിക്കണക്കിനു വരുന്ന ആരാധകരും ആഗ്രഹിക്കുന്നത്.
EXPRESS KERALA VIEW