തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലുമുണ്ടായ സ്ഥലങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കാലതാമസമുണ്ടായത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ സമര്‍പ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. പാറയ്ക്കല്‍ അബ്ദുള്ള എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
കരിഞ്ചോലമലയില്‍ ദുരന്തനിവാരണസേന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എത്താന്‍ വൈകിയെന്നും മുഖ്യമന്ത്രി കരിഞ്ചോലമല സന്ദര്‍ശിക്കണമെന്നും പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു. കട്ടിപ്പാറയില്‍ ദുരന്ത നിവാരണ സേന എത്താന്‍ വൈകിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
എന്നാല്‍ കട്ടിപ്പാറയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം വന്നിട്ടില്ലെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കാലവര്‍ഷക്കെടുതി നേരിടാന്‍ മുന്‍കരുതല്‍ എടുത്തിരുന്നുവെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. സര്‍ക്കാരിനു സാധിക്കുന്ന എല്ലാ സഹായവും മേഖലയില്‍ ചെയ്തുവെന്നും മന്ത്രി അടിയന്തപ്രമേയത്തിന് മറുപടിയായി പറഞ്ഞു. ഇതോടെ സ്പീക്കര്‍ നോട്ടീസിന് അനുമതി നിഷേധിക്കുകയായിരുന്നു.