ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചോ? തീയതി നീട്ടില്ലെന്ന് കേന്ദ്രം

ഡൽഹി: ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടുന്നതു പരിഗണനയിൽ ഇല്ലെന്ന് കേന്ദ്ര സർക്കാർ. ജുലൈ 31ന് മുമ്പ് എല്ലാവരും റിട്ടേൺ സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റവന്യൂ സെക്രട്ടറി തരുൺ ബജാജ് പറഞ്ഞു.

ജൂലൈ 20 വരെയുള്ള കണക്ക് അനുസരിച്ച് 2.3 കോടി പേർ റിട്ടേൺ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 5.89 കോടി പേരാണ് റിട്ടേൺ നൽകിയത്. കഴിഞ്ഞ തവണ റിട്ടേൺ നൽകുന്നതിനുള്ള തീയതി ഡിസംബർ 31 വരെ നീട്ടിയിരുന്നു.

തീയതി നീട്ടുമെന്ന ധാരണയിലായിരിക്കാം പലരും റിട്ടേൺ സമർപ്പിക്കാൻ വൈകുന്നതെന്ന് തരുൺ ബജാജ് പറഞ്ഞു. ഈയടുത്ത ദിവസങ്ങളിൽ റിട്ടേണുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ദിനംപ്രതി 15 ലക്ഷം മുതൽ 18 ലക്ഷം വരെ റിട്ടേണുകളാണ് ഫയൽ ചെയ്യുന്നത്. ഇത് 25 ലക്ഷം മുതൽ 30 ലക്ഷം വരെ ആവുമെന്ന് പ്രതീക്ഷിക്കുന്നതായും റവന്യൂ സെക്രട്ടറി പറഞ്ഞു.

അവസാന നിമിഷം റിട്ടേൺ സമർപ്പിക്കുന്ന നിരവധി പേരുണ്ട്. കഴിഞ്ഞ തവണ പത്തു ശതമാനത്തോളം റിട്ടേണുകളാണ് അവസാന ദിവസം ഫയൽ ചെയ്തത്. ഇത്തവണ ഒരു കോടി വരെ റിട്ടേൺ അവസാന നിമിഷം എത്താൻ സാധ്യതയുണ്ടെന്നാണ് വകുപ്പ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Top