തിരുവനന്തപുരം: സംസ്ഥാനത്ത് നിലനില്‍ക്കുന്ന ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാരിന് യാതൊരുവിധ പദ്ധതിയുമില്ലെന്ന് ധനകാര്യ വകുപ്പ് മന്ത്രി ടി.എം.തോമസ് ഐസക്ക്.
നിലവില്‍ ജനങ്ങള്‍ക്ക് ലഭ്യമായികൊണ്ടിരിക്കുന്ന ആരോഗ്യ ജനക്ഷേമപരിപാടികളില്‍ പലതും സര്‍ക്കാര്‍ നിര്‍ത്തലാക്കാന്‍ പോകുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിലവിലെ ആരോഗ്യ പരിപാലന പദ്ധതികള്‍ സംയോജിപ്പിച്ച് സമഗ്രമായ പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ ഉദ്ധേശിക്കുന്നതെന്നും സഭയില്‍ മന്ത്രി അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് സൗജന്യ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇതിലൂടെ സൗജന്യമായ ചികിത്സ ജനങ്ങള്‍ക്ക് ലഭ്യമാക്കാനാകുമെന്നുമാണ് സര്‍ക്കാര്‍ പക്ഷം. പ്രതിപക്ഷം ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും ബഡ്ജറ്റില്‍ ആരോഗ്യ രംഗത്തിനുവേണ്ടി മാത്രം പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം മറുപടി പറഞ്ഞു.
കേരള കോണ്‍ഗ്രസ്[എം] നേതാവ് മോന്‍സ് ജോസഫ് ഉന്നയിച്ച പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു തോമസ് ഐസക്ക്. സര്‍ക്കാര്‍ ജനക്ഷേമത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും കേവലം ആരോപണങ്ങള്‍ ഉന്നയിക്കാനാണ് പ്രതിപക്ഷം ലക്ഷ്യം വെയ്ക്കുന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.