ഗുവഹാത്തി: പങ്കാളി ജീവിച്ചിരിക്കെ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടാംവിവാഹത്തിന് അര്‍ഹതയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ. സര്‍ക്കാര്‍ അറിയാതെ രണ്ടാം വിവാഹം കഴിച്ചാല്‍ അച്ചടക്ക നടപടി സ്വീകിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും മതനിയമം അതിന് അനുവദിക്കുന്നുണ്ടെങ്കില്‍ ജീവനക്കാര്‍ സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരത്തില്‍ വിവാഹം കഴിച്ചാല്‍ നിര്‍ബന്ധിത വിരമിക്കല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് ബഹുഭാര്യാത്വം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് അസം സര്‍ക്കാര്‍ നേരത്തെ പൊതുജനാഭിപ്രായം തേടിയിരുന്നു.
മരിച്ച സര്‍ക്കാര്‍ ജീവനക്കാരന്റെ പെന്‍ഷന്‍ വാങ്ങുന്നത് സംബന്ധിച്ച് ഭാര്യമാര്‍ തമ്മില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യ ജീവിച്ചിരിക്കെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ മറ്റൊരു വിവാഹം കഴിക്കരുത്. അതുപോലെ തന്നെ വനിത ഉദ്യോഗസ്ഥയും ഭര്‍ത്താവുണ്ടായിരിക്കെ മറ്റൊരാളെ വിവാഹം കഴിക്കാന്‍ പാടില്ല.
ജീവനക്കാരുടെ മരണശേഷം ഭാര്യമാര്‍ പെന്‍ഷനുവേണ്ടി വഴക്കിടുന്ന കേസുകള്‍ നമുക്കിടയില്‍ ഉണ്ടാകാറുണ്ട്. ആ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. പരസ്പരവിരുദ്ധമായ അവകാശവാദങ്ങള്‍ കാരണം ഇന്ന് പല വിധവകള്‍ക്കും പെന്‍ഷനുകള്‍ നിഷേധിക്കപ്പെടുന്നു. ഈ ചട്ടം നേരത്തെയുണ്ടായിരുന്നുവെങ്കിലും സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.