സർക്കാർ ഉദ്യോ​ഗസ്ഥരുടെ കൈക്കൂലി; അന്വേഷണത്തിന് മുൻകൂർ അനുമതി വേണ്ടെന്നു ഹൈക്കോടതി

കൊ​ച്ചി: സർക്കാർ ഉദ്യോ​ഗസ്ഥരുടെ ഔദ്യോ​ഗിക തീരുമാനങ്ങളിൽ അഴിമതി ആരോപിക്കപ്പെടുമ്പോഴേ അന്വേഷണത്തിന് മുൻകൂർ അനുമതി ആവശ്യമുള്ളുവെന്ന് ഹൈക്കോടതി. കൈക്കൂലി ആരോപണം ഔദ്യോ​ഗിക കൃത്യനിർവഹണത്തിന്റെ പരിധിയിൽ വരില്ലെന്നും അതിനാൽ മുൻകൂർ അനുമതിയില്ലാതെ അന്വേഷിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന​ ആ​രോ​പ​ണ​​ത്തെ തു​ട​ർ​ന്ന്​ ത​നി​ക്കെ​തി​രെ വി​ജി​ല​ൻ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ്​ റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ എ​സ്ഐ ന​ൽ​കി​യ ഹ​ർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

അഴിമതി നിരോധന നിയമത്തിന്റെ 17എ വകുപ്പു പ്രകാരം കൈക്കൂലി ആരോപണം അന്വേഷിക്കുന്നതിനു മുൻകൂർ അനുമതി ആവശ്യമില്ലെന്ന് ജസ്റ്റിസ് കെ ബാബു വിധിയിൽ വ്യക്തമാക്കി. ഗാ​ർ​ഹി​ക പീ​ഡ​ന പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​തി​യു​ടെ ബ​ന്ധു​ക്ക​ളി​ൽ​നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന പേ​രി​ൽ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മെ​ടു​ത്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ആവശ്യവുമായി ക​ടു​ത്തു​രു​ത്തി മു​ൻ എ​സ്.ഐ ടിഎ അ​ബ്‌​ദു​ൽ സ​ത്താ​റാണ്റി കോടതിയെ സമീപിച്ചത്.

പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ പ്ര​വാ​സി​ക്കെ​തി​രെ കു​റു​പ്പ​ന്ത​റ സ്വ​ദേ​ശി​നി​യാ​യ ഭാ​ര്യ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ക​ടു​ത്തു​രു​ത്തി പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. തു​ട​ർ​ന്ന്​ സ്റ്റേ​ഷ​നി​ലെ എഎ​സ്​ഐ അ​നി​ൽ​കു​മാ​ർ പ്ര​വാ​സി​യു​ടെ പി​താ​വി​ൽ​നി​ന്ന് 5000 രൂ​പ​യും സ​ഹോ​ദ​ര​നി​ൽ​നി​ന്ന് 15,000 രൂ​പ​യും കൈ​ക്കൂ​ലി വാ​ങ്ങി​യ​താ​യി പ​റ​യു​ന്നു. പി​ന്നീ​ട് കേ​സി​ൽ പ്ര​വാ​സി​ക്ക് മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ചു. തു​ട​ർ​ന്ന്​ നേ​ര​ത്തേ ന​ൽ​കി​യ പ​ണ​ത്തി​ൽ 15,000 രൂ​പ അ​ബ്ദു​ൽ സ​ത്താ​ർ എ​ടു​ത്തെ​ന്ന​റി​യി​ച്ച അ​നി​ൽ​കു​മാ​ർ വീ​ണ്ടും കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ വി​ജി​ല​ൻ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും 2021 ആ​ഗ​സ്റ്റ് 12ന് ​അ​നി​ൽ​കു​മാ​ർ അ​റ​സ്റ്റി​ലാ​കു​ക​യു​മാ​യി​രു​ന്നു. കേ​സി​ൽ അ​നി​ൽ​കു​മാ​ർ ഒ​ന്നാം പ്ര​തി​യും സ​ത്താ​ർ ര​ണ്ടാം ​പ്ര​തി​യു​മാ​ണ്.

പരാതിക്കാരനിൽനിന്നു താൻ കൈക്കൂലി വാങ്ങിയതായി ആരോപണമില്ലെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ പ്രാഥമിക അന്വേഷണം നടത്തില്ലെന്നുമാണ് ഹർജിക്കാരൻ വാദിച്ചത്. ഇതു കോടതി തള്ളി.

Top