ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷം പുകയുന്ന സാഹചര്യത്തില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ തോക്ക് ഉപയോഗിക്കാന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് അനുമതി.
ഇന്ത്യന്‍ സൈന്യത്തിന്റെ റൂള്‍സ് ഓഫ് എന്‍ഗേജ്‌മെന്റില്‍ മാറ്റം വരുത്തിയാണ് അസാധാരണ സാഹചര്യങ്ങളില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ തോക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയതെന്ന് രണ്ട് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ചൈനയുമായി 1996ലും 2005ലും ഉണ്ടാക്കിയ ധാരണ പ്രകാരം നിയന്ത്രണരേഖയില്‍ രണ്ട് കിലോമീറ്റര്‍ പരിധിയില്‍ സൈനികര്‍ തോക്ക് ഉപയോഗിക്കുകയോ സ്‌ഫോടനങ്ങള്‍ നടത്തുകയോ ചെയ്യരുത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശത്തിനാണ് ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.
ലഡാക്കിലെ ഗല്‍വാന്‍ വാലിയില്‍ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നടപടി. 45 വര്‍ഷത്തിന് ശേഷം ചൈനയുമായുണ്ടാകുന്ന രക്തരൂക്ഷിതമായ ഏറ്റുമുട്ടലാണ് കഴിഞ്ഞ തിങ്കളാഴ്ച ഗല്‍വാനിലുണ്ടായത്. അതിര്‍ത്തിയില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനുള്ള സ്വാതന്ത്ര്യം സൈന്യത്തിന് നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞിരുന്നു.
റൂള്‍സ് ഓഫ് എന്‍ഗേജ്‌മെന്റില്‍ മാറ്റം വരുത്തിയതോടെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് അനുയോജ്യ നടപടിയെടുക്കാന്‍ സൈന്യത്തിന് ഇനി തടസമില്ലെന്ന് ഉദ്യോഗസ്ഥരിലൊരാള്‍ വ്യക്തമാക്കി. ചൈനീസ് സൈന്യത്തിന്റെ ക്രൂരമായ തന്ത്രങ്ങളെ നേരിടാനാണ് റൂള്‍സ് ഓഫ് എന്‍ഗേജ്‌മെന്റില്‍ മാറ്റം വരുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഗല്‍വാന്‍ ഏറ്റുമുട്ടലിന് മുമ്പായി രണ്ടുതവണ ചൈനീസ് സേനയുമായി സംഘര്‍ഷമുണ്ടായിട്ടുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു. മേയ് അഞ്ച്-ആറ് തിയതികളില്‍ പാങ്‌ഗോങ് ടോയിലും മേയ് മധ്യത്തോടെ ഗല്‍വാനിലുമായിരുന്നു സംഘര്‍ഷം.
എല്‍.എ.സിയില്‍ പട്രോളിങ് നടത്തുന്ന സൈനികര്‍ക്ക് ആയുധങ്ങള്‍ കരുതാന്‍ അനുവാദമുണ്ടെന്നും ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ പോലെ അസാധാരണ സാഹചര്യത്തില്‍ തോക്കുകള്‍ ഉപയോഗിക്കാമെന്നും മുന്‍ നോര്‍തേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്. ജനറല്‍ ബി.എസ്. ജസ്വാള്‍ പറയുന്നു.
ജൂണ്‍ 15ന് ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ ഇന്ത്യന്‍ സൈനികരുടെ കൈവശം തോക്കുകളും സ്‌ഫോടക വസ്തുക്കളുമുണ്ടായിരുന്നു. എന്നാല്‍, അതിര്‍ത്തിയിലെ ധാരണ അനുസരിക്കുന്നതിന്റെ ഭാഗമായാണ് അവ പ്രയോഗിക്കാതിരുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.