തിരുവനന്തപുരം: പ്രളയദുരന്തം നേരിടുന്ന കേരളത്തെ സഹായിക്കാന്‍ പൈലറ്റുമാരുടെ സംഘടനയായ ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ (ഐ.സി.പി.എ). പ്രതിഫലമില്ലാതെ കേരളത്തെ സഹായിക്കാന്‍ തയ്യാറാണെന്ന് സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് പ്രതിഫലം കൈപ്പറ്റാതെ വിമാനം പറത്താന്‍ തയ്യാറാണെന്ന് കത്തില്‍ സൂചിപ്പിക്കുന്നു.
ഓപ്പറേഷന്‍ മഡാഡ്, ഓപ്പറേഷന്‍ സഹയോഗ് എന്നിങ്ങനെ കേരളത്തില്‍ നടക്കുന്ന ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനും വിമാനം പറത്തുന്നതിനും പ്രതിഫലം ആവശ്യമില്ലെന്നാണ് ഐ.സി.പി.എ കത്തില്‍ പറഞ്ഞിരിക്കുന്നത്.
അതേസമയം, പ്രളയക്കെടുതിയില്‍ നിന്നും സംസ്ഥാനം കരകയറുകയാണ്. പല ഭാഗങ്ങളിലും കനത്ത മഴ കുറഞ്ഞ സാഹചര്യത്തില്‍ എല്ലാ ജില്ലകളിലെയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു.
ഒഡീഷ- ബംഗാള്‍ തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെങ്കിലും ഇതുവരെ ശക്തി പ്രാപിചിട്ടില്ല. പ്രളയബാധിത ജില്ലകളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കും. പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ തിരുവല്ലയില്‍ 15 ബോട്ടുകള്‍ കൂടെ എത്തിക്കും. ഇന്ന് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തിരുവല്ലയിലാണ്.