വന്ദേമാതരം വിളിക്കാത്തവര്‍ ഇന്ത്യ വിട്ട് പോകണമെന്നാവര്‍ത്തിച്ച് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര

സൂററ്റ്: സ്വാതന്ത്രത്തിന് മുമ്പ് രാജ്യത്തെ രണ്ടായി വെട്ടി മുറിച്ചവരുടെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വ ഭേദഗതി നിയമം. അതിനാല്‍ വന്ദേമാതരം വിളിക്കാന്‍ തയാറാകാത്തവര്‍ ഇന്ത്യവിട്ടുപോകണമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തേയും അഖണ്ഡതയേയും വന്ദേമാതരത്തെയും അംഗീകരിക്കാത്തവര്‍ക്ക് ഈ രാജ്യത്ത് ജീവിക്കാന്‍ അവകാശമില്ലെന്നും സാരംഗി ആവര്‍ത്തിച്ചു.

രാഷ്ട്രീയമായും ഭൂമിശാസ്ത്രപരമായും സാമ്പത്തികമായും അല്ല രാജ്യം മതാടിസ്ഥാനത്തിലാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്. സിഎഎ 70 വര്‍ഷം മുമ്പ് തന്നെ നടപ്പാക്കേണ്ടതായിരുന്നു. നമ്മള്‍ യുഗങ്ങളായി മുസ്ലിമുകള്‍ക്കൊപ്പമാണ് ജീവിക്കുന്നത്. അവരോട് രാജ്യംവിട്ടുപോകാന്‍ പറഞ്ഞിട്ടില്ലെന്നും സാരംഗി പറഞ്ഞു.

ഈ രാജ്യം ആരുടേയും സ്വത്തല്ല. കോണ്‍ഗ്രസാണ് ദ്വിരാഷ്ട്ര സിദ്ധാന്തം രൂപീകരിച്ചത്. നെഹ്‌റുവാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തത്. വിഭജനം അംഗീകരിക്കാന്‍ കഴിയാത്തതാണ്. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസ് രാജ്യത്ത് തീകത്തിക്കാന്‍ ശ്രമിക്കുകയാണ്. അവരുടെ പാപങ്ങള്‍ കഴുകിക്കളഞ്ഞതിന് അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top