കുട്ടികള്‍ പഠിക്കുന്നത് നിലത്തിരുന്ന്; കൊടുങ്കാറ്റില്‍ തകര്‍ന്ന സ്‌ക്കൂളിനോട് മുഖം തിരിച്ച് അധികൃതര്‍

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ കുട്ടികള്‍ പഠിക്കുന്നത് തുറസ്സായ സ്ഥലങ്ങളില്‍ ഇരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ അവസ്ഥ പരമ ദയനീയമാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഉണ്ടായ കൊടുങ്കാറ്റ് ഇവിടെ വലിയ നാശനഷ്ടങ്ങളാണ് വരുത്തിയത്. എന്നാല്‍ അവ പരിഹരിക്കാന്‍ ഇതുവരെ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല.

തകര്‍ന്നടിഞ്ഞു പോയ സ്‌ക്കൂള്‍ കെട്ടിടത്തിനു മുന്നില്‍ മുറ്റത്തിരുന്നാണ് ഇവിടെ കുട്ടികള്‍ പഠിക്കുന്നത്. മൊഹല്ല തല്ലായിയാനിലെ സ്‌ക്കൂളില്‍ ഇത് സ്ഥിരം കാഴ്ചയാണെന്ന് വാര്‍ത്താ ഏജന്‍സികളും ചൂണ്ടിക്കാണിക്കുന്നു.

40 വിദ്യാര്‍ത്ഥികളാണ് ഇവിടെയുള്ളത്. അതില്‍ ഭൂരിപക്ഷവും പെണ്‍കുട്ടികളാണ്. ശൗചാലയ സംവിധാനം പോലും ഇവര്‍ക്കില്ല. എന്നാല്‍, കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍ പ്രദേശവാസികള്‍ താല്‍ക്കാലിക മേല്‍ക്കൂര സംവിധാനം ഉണ്ടാക്കി കൊടുത്തെങ്കിലും അതും അപര്യാപ്തമാണ്.

കടുത്ത വെയിലില്‍ കുട്ടികള്‍ മണ്ണിലിരുന്ന് പഠിക്കുന്നത് പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ശൗചാലയമോ മൈതാനമോ ഇവിടെയില്ല. രണ്ട്‌ അധ്യാപകരാണ് ഇവിടെയുള്ളത്. എന്നാല്‍ ഇവരുടെ പരാതികള്‍ അധികൃതര്‍ ചെവിക്കൊണ്ടിട്ടില്ല.

Top