ന്യൂഡല്‍ഹി: സ്വകാര്യ കോളേജുകള്‍ക്ക് പ്രത്യേക മെഡിക്കല്‍, ഡെന്റല്‍ പ്രവേശന പരീക്ഷകള്‍ നടത്താന്‍ അവകാശമില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസ് അനില്‍.ആര്‍.ദവെ അദ്ധ്യക്ഷനായ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേ സമയം ഈ വര്‍ഷം മാത്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രത്യേകം പ്രവേശന പരീക്ഷ നടത്താന്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് സംസ്ഥാന സര്‍ക്കാര്‍ തേടി.
സി.ബി.എസ്.ഇയ്ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദും കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറുമാണ് ഹാജരായത്. മേയ് ഒന്നിന്റെ അഖിലേന്ത്യാ മെഡിക്കല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുകയും എന്നാല്‍ പരീക്ഷ എഴുതാതിരുന്നവരുമായവര്‍ക്ക് ജൂലൈ 24ന്റെ പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്ന് രഞ്ജിത് കുമാര്‍ ആവശ്യപ്പെട്ടു. എല്ലാവരേയും ഇത്തരത്തില്‍ നീറ്റ് രണ്ടാം ഘട്ട പരീക്ഷ എഴുതാന്‍ അനുവദിക്കാമോ എന്ന കാര്യത്തില്‍ സുപ്രീംകോടതി, സി.ബി.എസ്.ഇയുടേയും മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടേയും നിലപാട് തേടി.