തിരുവനന്തപുരം: കോവിഡ് ടെസ്റ്റ് കിറ്റുകളുടെ കുറവുമൂലം തലസ്ഥാനത്ത് പെട്ടെന്ന് ഫലമറിയുന്ന ആന്റിജന്‍ പരിശോധന കുറച്ചു. ജില്ലയില്‍ സമ്പര്‍ക്ക വ്യാപനം രൂക്ഷമായി തുടരുകയാണ്. 94 ശതമാനം പേര്‍ക്കും സമ്പര്‍ക്ക രോഗബാധയാണ്. എന്നാല്‍ ആന്റിജന്‍ പരിശോധനയുടെ എണ്ണം കുറച്ചത് ആശങ്കയുയര്‍ത്തുന്നു.
സമൂഹവ്യാപനം സ്ഥിരീകരിച്ച പുല്ലുവിള മേഖല ഉള്‍പ്പെടുന്ന കരകുളം പഞ്ചായത്തില്‍ ഇന്നലെ ആകെ 50 പേരെയാണ് പരിശോധിച്ചത്. ഇതില്‍ പുതിയതുറയിലെ 19 പേര്‍ക്കുള്‍പ്പെട 25 പേര്‍ക്ക് പോസിറ്റീവായി. വ്യാഴാഴ്ച 150 പേരെ പരിശോധിച്ചിരുന്നു. ഒരാഴ്ചയ്ക്കിടെ 279 പേര്‍ക്കാണ് മേഖലയില്‍ രോഗം ബാധിച്ചത്.
തീരമേഖല പൂര്‍ണമായും അടച്ചു. നഗര പരിധിയില്‍ രോഗബാധിതരാകുന്നവരുടെ എണ്ണമുയര്‍ന്നതോടെ കോര്‍പറേഷന്‍ വാര്‍ഡുകളില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടി. പൂന്തുറയില്‍ 27 പേരെയാണ് പരിശോധിച്ചത്. എട്ടുപേര്‍ പോസിറ്റീവായി. ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ 1000 ല്‍ താഴെമാത്രമേ സ്റ്റോക്ക് ഉള്ളൂവെന്നാണ് വിവരം.
തിരുവനന്തപുരം തീരമേഖലയില്‍ അര്‍ധരാത്രി മുതല്‍ പത്തുദിവസത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവില്‍ വന്നു. പട്ടം, പേട്ട, ഈസ്റ്റ് ഫോര്‍ട്ട് ഉള്‍പ്പെടെ നഗര മേഖലകളിലും കൂടുതല്‍ രോഗബാധിതര്‍ ഉണ്ടാകുന്നുണ്ട്. കോര്‍പറേഷന്‍ പരിധിയില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേയ്ക്കു കൂടി തുടരും.