പാക്കിസ്ഥാന്റെ എയര്‍ബേസ് ആണെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ പുറത്ത്. റണ്‍വേയില്‍ നിരത്തിയിരിക്കുന്ന നൂറുകണക്കിന് പോര്‍വിമാനങ്ങള്‍ ഇന്ത്യയ്ക്ക് നേരെയുള്ള പാക്കിസ്ഥാന്റെ പടയൊരുക്കം ആണെന്ന രീതിയിലാണ് പ്രചരിച്ചിരിക്കുന്നത് എന്നാല്‍ അവ പാക്കിസ്ഥാന്റെ അല്ല എന്നും തെറ്റിദ്ധരിപ്പിക്കുന്ന ഈ വിഡിയോ ഷൂട്ടു ചെയ്തിരിക്കുന്നത് ദക്ഷിണ കൊറിയയിലെ കുണ്‍സന്‍ വിമാനത്താവളത്തിലാണെന്നും ആണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത.
അമേരിക്കയും, റഷ്യയും, ഫ്രാന്‍സുമല്ല ഇത് പാക്കിസ്ഥാന്‍ വ്യോമസേനയുടെ താവളമാണ്. വീഡിയോ ഷെയര്‍ ചെയ്യൂ ശത്രുക്കള്‍ പേടിച്ച് വിറയ്ക്കട്ടെ!!! എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ വീഡിയോ കണ്ടു ഭയപ്പെടുന്നതിന് പകരം ഇതെവിടെ നിന്നാണ് വന്നത് എന്നായിരുന്നു അന്വേഷണം.
അധികം വൈകാതെ തന്നെ ടെക് ലോകത്തെ മിടുക്കര്‍ ആ വീഡിയയ്ക്ക് പിന്നിലുള്ള രഹസ്യം കണ്ടെത്തി. ഇന്‍വിഡ് വിഡിയോ വെരിഫിക്കേഷന്‍ ടൂള്‍ ഉപയോഗിച്ച് വിഡിയോയിലെ ചില പ്രധാന ഫ്രെയ്മുകള്‍ റിവേഴ്‌സ് സേര്‍ച്ച് നടത്തിയപ്പോളാണ് അതിന് പിന്നുള്ള തട്ടിപ്പ് മനസ്സിലായത്. യുട്യൂബിലെ വെരിഫൈഡ് ചാനലായ എയര്‍ സോഴ് മിലിറ്ററിയില്‍ ഏപ്രില്‍ 19, 2013ല്‍ പോസ്റ്റ് ചെയ്തതാണ് ഈ വീഡിയോ. 16 ലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉള്ള ചാനലാണ് എയര്‍ സോഴ്‌സ് മിലിറ്ററി. ദക്ഷിണ കൊറിയയിലെ കുന്‍സണ്‍ വിമാനത്താവളത്തില്‍ അമേരിക്കന്‍ വ്യോമസേനയുടെ എഫ്16 വിമാനങ്ങളുടെ വമ്പന്‍ പ്രദര്‍ശനത്തിന്റേതാണെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഫ്.ബി നടത്തിയ പഠനത്തില്‍ പറയുന്നു.
രണ്ടു വീഡിയോകളില്‍ നിന്നുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ തമ്മില്‍ നടത്തിയ താരതമ്യങ്ങളില്‍ വിമാനങ്ങള്‍ വിന്യസിച്ചിരിക്കുന്ന രീതിയും ജെറ്റ് വിമാനങ്ങളുടെ നിര്‍മാണത്തിലുള്ള സാമ്യവും ചുറ്റുപാടുകളുടെ ഭൂപ്രകൃതിയും എല്ലാം ഒന്നു തന്നെയാണെന്ന് വ്യക്തമാകുന്നുണ്ട്. ഇതോടെ വീഡിയോ ഇട്ട് ഇന്ത്യയെ വിരട്ടാന്‍ എത്തിയവര്‍ ടെക് വിദഗ്ധരുടെ കഴിവ് കണ്ട് സ്വയം വിരണ്ടിരിക്കുകയാണ്.