ഭീഷണി വേണ്ട, കെ സുരേന്ദ്രന് മുഖ്യമന്ത്രി മറുപടി നല്‍കണം; എം ടി രമേശ്

കോഴിക്കോട്: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തിലൂടെയല്ല മറുപടി നല്‍കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞതില്‍ ദുരൂഹതയുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. എങ്ങനെയാണ് മറുപടി കൊടുക്കുകയെന്ന് വ്യക്തമാക്കണം. ഇങ്ങനെ പലര്‍ക്കും മുമ്പ് മറുപടി കൊടുത്തതിന്റെ ചരിത്രം പിണറായിക്കുണ്ട്. വെല്ലുവിളിയാണെങ്കില്‍ ഏറ്റെടുക്കാന്‍ ബി.ജെ.പി തയ്യാറാണെന്നും എം. ടി രമേശ് പറഞ്ഞു.

സുരേന്ദ്രനെ ഒറ്റ തിരിഞ്ഞ് അക്രമിക്കാന്‍ അനുവദിക്കില്ല. മുഖ്യമന്ത്രി ഇന്നലെ സംസാരിച്ചത് ഭീഷണിയുടെ രൂപത്തിലാണ്. ബി.ജെ.പി പ്രസിഡന്റിനെക്കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചോളാം. സുരേന്ദ്രന്‍ ഉന്നയിച്ചത് ബി.ജെ.പി ചോദിക്കുന്ന കാര്യങ്ങളാണ്. അതിന് മറുപടി പറയുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും പകരം ഭീഷണി വേണ്ടെന്നും എം ടി രമേശ് തുറന്നടിച്ചു.

ഇങ്ങനെ ഒരാളെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുത്തണമോയെന്ന് സി.പി.എം ചിന്തിക്കണം. കെ സുരേന്ദ്രന്റെ മാനസിക നിലയെക്കുറിച്ച് മുഖ്യമന്ത്രി വേവലാതിപ്പെടേണ്ട . സ്വന്തം മാനസികാവസ്ഥയെക്കുറിച്ച് വേവലാതി പെടുകയാണ് വേണ്ടത്. കെ സുരേന്ദ്രനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും എം.ടി രമേശ് കൂട്ടിച്ചേര്‍ത്തു.

Top