ന്യൂഡല്‍ഹി: പ്രകോപനമില്ലാതെ അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘനം തുടര്‍ന്നാല്‍ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കഴിഞ്ഞയാഴ്ച ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് (ഡിജിഎംഒ) വെടിനിര്‍ത്തല്‍ കരാര്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.
അടുത്തിടെയായി പാകിസ്ഥാന്‍ നിരന്തരം വെടിനിറുത്തല്‍ കരാര്‍ ലംഘനം നടത്തി ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തുകയാണ്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഒരു പ്രകോപനവും ഇല്ലാതെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കാന്‍ സൈനികര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ഏത് ആക്രമണത്തിനും മറുപടി നല്‍കിയിരിക്കുമെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.
റഷ്യയുമായുള്ള എസ് 400 മിസൈല്‍ ഇടപാട് അന്തിമ ഘട്ടത്തിലാണ്. റഷ്യയുമായി ഇടപാടു നടത്തുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കു മേല്‍ ഉപരോധം ചുമത്തുമെന്ന യുഎസ് നിലപാട് അംഗീകരിക്കില്ല. ഇന്ത്യയുടെ എക്കാലത്തെയും സുഹൃത്താണ് റഷ്യ. ഇടപാടുകള്‍ തുടരും. ഇതു വ്യക്തമാക്കിയിട്ടുള്ളതാണ്.
ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഒരു രൂപയുടെ പോലും അഴിമതിയില്ലെന്നും മന്ത്രി വിശദീകരിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വിവിധ രാജ്യങ്ങളുമായി 204 പ്രതിരോധ ഇടപാടുകളിലാണ് ഇന്ത്യ ഒപ്പുവച്ചത്. എല്ലാ കരാറുകളും സുതാര്യമായിരുന്നെന്നും മന്ത്രി വിശദീകരിച്ചു.