കൊള്ളക്കാരുടെ തോക്കിന് മുന്നില്‍പ്പെട്ട പോലെ; പ്രതികരണവുമായി മൈക്കിള്‍ ലെവിറ്റ്

ആലപ്പുഴ: പണിമുടക്ക് അനുകൂലികള്‍ തന്റെ ഹൗസ് ബോട്ട് തടഞ്ഞുവെച്ച സംഭവത്തില്‍ പ്രതികരണവുമായി നൊബേല്‍ സമ്മാന ജേതാവ് മൈക്കിള്‍ ലെവിറ്റ്.

താന്‍ കൊള്ളക്കാരുടെ തോക്കിന് മുന്നില്‍പ്പെട്ട പോലെയായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.സര്‍ക്കാരിന്റെ അതിഥിയും വിഐപിയുമായിട്ടും തന്നെ ഒരു മണിക്കൂറോളം തടഞ്ഞുവെച്ചു, കായലില്‍ വിനോദസഞ്ചാരികളെ തടയുന്നത് കേരള ടൂറിസത്തിന് തന്നെ തിരിച്ചടിയാണ്. ഇത് കേരളത്തെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കുമെന്നും മൈക്കിള്‍ ലെവിറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ദേശീയപണിമുടക്ക് ദിവസമായ ചൊവ്വാഴാച രാവിലെ 11 മണിയോടെയാണ് 2013ലെ രസതന്ത്ര നൊബേല്‍ സമ്മാന ജേതാവായ മൈക്കിള്‍ ലെവിറ്റ് സഞ്ചരിച്ച ഹൗസ് ബോട്ട് ആലപ്പുഴയില്‍ സമരാനുകൂലികള്‍ തടഞ്ഞത്. രണ്ട് മണിക്കൂറിന് ശേഷമാണ് ബോട്ട് വിട്ടയച്ചത്.

സംഭവത്തെ അപലപിച്ചത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത് വന്നു. സാമൂഹ്യദ്രോഹികളാണ് സംഭവത്തിന് പിന്നിലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

Top