ധാക്ക : റോഹിങ്ക്യൻ മുസ്ലീങ്ങളുടെ വംശഹത്യ അവസാനിപ്പിക്കാനും അല്ലെങ്കിൽ വിചാരണ നേരിടാനും മ്യാൻമർ നേതാവ് ആങ് സാൻ സൂകിയോടും സൈന്യത്തോടും നോബൽ സമാധാന ജേതാക്കൾ ആവശ്യപ്പെട്ടു.
മ്യാൻമർ റോഹിങ്ക്യൻ ജനതകളോട് പ്രവർത്തിച്ച ക്രൂരതകളുടെ തെളിവുകൾ ഐക്യരാഷ്ട്രസംഘടനയും മനുഷ്യാവകാശ സംഘടനകളും ശേഖരിച്ചിട്ടുണ്ട്. മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം ഏഴ് ലക്ഷത്തിലധികം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ അയൽ രാജ്യമായ ബംഗ്ലാദേശില്‍ എത്തിചേർന്നിട്ടുണ്ട്. വംശീയ ശുദ്ധീകരണത്തിന്റെ പാഠപുസ്തകം എന്നാണ് ഈ ക്രൂരതയെ ഐക്യരാഷ്ട്ര സഭ വിലയിരുത്തിയത്.
റോഹിങ്ക്യൻ വിഷയത്തിൽ ആങ് സാൻ സൂകി വ്യക്തമായ ഉത്തരം നൽകി ഇത് അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ വിചാരണ നേരിടാൻ തയ്യാറാകണമെന്നും 2011ലെ നോബൽ സമാധാന പുരസ്കാരം ലഭിച്ച യമനില്‍ നിന്നുള്ള തവക്കുര്‍ കെര്‍മാന്‍ പറഞ്ഞു. ബംഗ്ലാദേശിലെ കോക്സ് ബസാറിൽ താമസിക്കുന്ന റോഹിങ്ക്യൻ അഭയാർഥികളെ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ഇവർ.
ഇറാനില്‍ നിന്നുള്ള ഷെറിന്‍ ഇബാദി, യമനില്‍ നിന്നുള്ള തവക്കുര്‍ കെര്‍മാന്‍, യുകെയില്‍ നിന്നുള്ള മൈരേദ് മഗൂയര്‍ എന്നിവരാണ് മ്യാന്‍മര്‍ സൈന്യത്തിന്റെ അക്രമങ്ങളില്‍ നിന്നു രക്ഷതേടിയെത്തിയവരെ കാണാനെത്തിയത്. ക്യാംപിലെത്തിയ സംഘം മ്യാന്‍മര്‍ സൈന്യം ശാരീരിക പീഡനങ്ങള്‍ക്കിരയാക്കിയ സ്ത്രീകളോട് സംസാരിക്കുകയും, ക്യാംപിലെ ജീവിത സാഹചര്യങ്ങളെക്കുറിച്ചന്വേഷിക്കുകയും ചെയ്തു.
പതിറ്റാണ്ടുകൾ നീണ്ടുനിന്ന ജനാധിപത്യ പോരാട്ടത്തിലൂടെ 1991-ലെ നൊബേൽ സമാധാനത്തിനുള്ള പുരസ്കാരം നേടിയ ആങ് സാൻ സൂകി 2016-ൽ അധികാരത്തിൽ വന്നതിനു ശേഷം റോഹിങ്ക്യൻ ജനതയ്ക്ക് വേണ്ടി പോരാടാൻ
വിസമ്മതിച്ചു.
ആഗസ്റ്റ് 25 ന് മ്യാൻമറിലെ റോഹിങ്ക്യ കലാപകാരികൾ രാജ്യത്തെ നിരവധി സുരക്ഷാ പോസ്റ്റുകൾ ആക്രമിച്ചതോടെയാണ് റോഹിങ്ക്യൻ വംശഹത്യയ്ക്ക് തുടക്കമാകുന്നത്. റോഹിങ്ക്യ കലാപകാരികളുടെ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു.
മണിക്കൂറുകൾക്കകം, മ്യാൻമർ സൈന്യത്തിന്റെയും ബുദ്ധമത വിഭാഗക്കാരുടെയും പ്രതികാര നടപടികൾ പൊട്ടിപ്പുറപ്പെട്ടു. റോഹിങ്ക്യന്‍ ഗ്രാമങ്ങളിലൂടെ രക്തരൂഷിതമായ ആക്രമണം നടത്തിയ മ്യാൻമർ പട്ടാളം ആയിരങ്ങളെ കൊല്ലുകയും സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്യുകയും, വീടുകളും, ഗ്രാമങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തു.
മ്യാൻമർ പട്ടാളം അതിക്രൂരമായി പീഡിപ്പിച്ചുവെന്നും , കൂടാതെ തന്റെ കുട്ടികളെയും കുടുംബത്തിനെയും കൊന്നൊടുക്കിയെന്നും , റോഹിങ്ക്യന്‍ സ്ത്രീകളെ അവർ ബലാത്സംഗത്തിനിരയാക്കിയിരുന്നുവെന്നും തെളിവുകൾ വ്യക്തമാക്കുന്നതായി യുകെയില്‍ നിന്നുള്ള മൈരേദ് മഗൂയര്‍ പറഞ്ഞു. ഇത് വംശഹത്യയാണ്. നമുക്ക് നിശബ്ദത പാലിക്കാൻ കഴിയില്ലെന്നും, നിശബ്ദത സങ്കീർണ്ണമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം കൂടുതൽ പ്രവർത്തനം നടത്തണമെന്നും ഇനി ഒരിക്കലും റോഹിങ്ക്യന്‍ ജനത ഇത്തരത്തിൽ അതിക്രമങ്ങൾ നേരിടാൻ ഇടയാകരുതെന്നും ഇറാനില്‍ നിന്നുള്ള ഷെറിന്‍ ഇബാദി സൂചിപ്പിച്ചു.
മ്യാന്‍മര്‍ സന്ദര്‍ശിക്കാന്‍ മൂന്ന് നോബല്‍ സമാധാന ജേതാക്കളും ഇതിനകം തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ ആങ് സാന്‍ സൂകിയ്ക്ക് അയച്ചെങ്കിലും ഇതിന് മറുപടി ലഭിച്ചിട്ടില്ലെന്നും നോബല്‍ ജേതാക്കള്‍ വ്യക്തമാക്കി.
റിപ്പോർട്ട് : രേഷ്മ പി.എം