ലാഹോര്‍: തനിക്ക് നോബല്‍ സമ്മാനം നേടാനുള്ള അര്‍ഹതയില്ലെന്ന പരാമര്‍ശവുമായ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നൊബേല്‍ തരേണ്ടത് തനിക്കല്ലെന്നും അത് കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നവര്‍ക്കാണ് നല്‍കേണ്ടതെന്നും ഇമ്രാന്‍ പറയുന്നു. പാക്ക് കസ്റ്റഡിയിലായിരുന്ന ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ സമാധാന സൂചകമായി വിട്ടയച്ച തീരുമാനത്തെ പരിഗണിച്ചാണ് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നത്.
പാക്കിസ്ഥാനിലെ വാര്‍ത്താവിതരണ മന്ത്രി ഫവാദ് ചൗധരിയാണ് ഈ ആവശ്യമുയര്‍ത്തി പാക് അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യന്‍ പൈലറ്റിനെ കൈമാറിയ ശേഷം വലിയ തോതില്‍ ഇമ്രാന്‍ ഖാനെ പുകഴ്ത്തുന്ന കുറിപ്പുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.
പിന്നീട് നൊബേല്‍ സമ്മാനം ഇമ്രാന്‍ ഖാന് നല്‍കണമെന്ന് ആവശ്യവുമായി ക്യാമ്പയിനുകളും ആരംഭിച്ചു. ഇത് കൂടാതെ ഈ ആവശ്യമുയര്‍ത്തി 2,00,000 പേര്‍ ഒപ്പിട്ട പൊതു കത്തും തയാറാക്കിയിട്ടുണ്ട്. ഇന്ത്യപാക്ക് ബന്ധം വഷളായ സാഹചര്യത്തില്‍ സമാധാനം സ്ഥാപിക്കാനുള്ള നടപടികളാണ് ഇമ്രാന്‍ ഖാന്‍ സ്വീകരിച്ചതെന്നാണ് പാക്ക് പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവരുടെ വാദം.