കൊല്‍ക്കത്ത: ബിജെപി വിരുദ്ധ മതേതര ശക്തികള്‍ ഒന്നിക്കേണ്ട സമയമാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പെന്ന് നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍.
ജനാധിപത്യത്തിന്റെ സ്ഥിതി അപകടത്തിലാണെന്നും ബിജെപി വിരുദ്ധ ചേരിക്കൊപ്പം നില്‍ക്കാന്‍ ഇടത് കക്ഷികള്‍ മടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വേച്ഛാധിപത്യത്തിനെതിരായ എതിര്‍പ്പ് നാം പ്രകടിപ്പിക്കണമെന്നും വര്‍ഗീയത വലിയ ഭീഷണിയായി മാറിയിരിക്കുന്നുവെന്നും അതിനെതിരെ പോരാടേണ്ട സമയത്ത് മാറിനില്‍ക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
കേവലം 31 ശതമാനം മാത്രം വോട്ട് നേടിയാണ് ബിജെപി ഭരിക്കുന്നത്. 2014ല്‍ എന്താണ് സംഭവിച്ചത്? ഒരു പാര്‍ട്ടിക്ക് 55 ശതമാനം സീറ്റുകള്‍ കിട്ടി. യഥാര്‍ഥത്തില്‍ അവര്‍ക്ക് ലഭിച്ചത് 31 ശതമാനം വോട്ട് മാത്രമാണ്. പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ ഇടതുകക്ഷികള്‍ക്ക് മുന്‍പെ തൃണമൂല്‍ പ്രതിഷേധവുമായി രംഗത്തു വന്നു. ഇതില്‍ ഇടതുപക്ഷത്തിന് അഭിമാനിക്കാനില്ല, അദ്ദേഹം പറയുന്നു.