ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ക്ക്

സ്റ്റോക്ക്ഹോം: കാലാവസ്ഥ വ്യതിയാനം പോലുള്ള സങ്കീർണ്ണ പ്രക്രിയകളെ മനസിലാക്കാനും പ്രവചനം നടത്താനും ആവശ്യമായ നൂതനമാർഗ്ഗങ്ങൾ കണ്ടെത്തിയ മൂന്ന് ശാസ്ത്രജ്ഞർ 2021 ലെ ഭൗതികശാസ്ത്ര നൊബേലിന് അർഹരായി. സുക്കൂറോ മനാബ, ക്ലോസ് ഹാസിൽമാൻ, ജോർജോ പരീസി എന്നിവരാണ് ജേതാക്കൾ.

നൊബേൽ സമ്മാനത്തുകയായ 11.4 ലക്ഷം ഡോളറി (8.2 കോടി രൂപ) ന്റെ പകുതി സുക്കൂറോ മനാബ, ക്ലോസ് ഹാസിൽമാൻ എന്നിവർക്ക് ലഭിക്കും. ബാക്കി പകുതി തുക പരീസിക്കാണ്. ‘സങ്കീർണ്ണ സംവിധാനങ്ങൾ നമുക്ക് മനസിലാക്കാൻ പാകത്തിലാക്കുന്നതിൽ വലിയ മുന്നേറ്റം നടത്തിയതിനാ’ണ് ഇവർ മൂവരും നൊബേലിനർഹരായതെന്ന് – നൊബേൽ കമ്മറ്റിയുടെ വാർത്താക്കുറിപ്പ് അറിയിച്ചു.

ഭൗമകാലാവസ്ഥ ആഴത്തിൽ മനസിലാക്കുക വഴി, കാലാവസ്ഥയെ മനുഷ്യപ്രവർത്തനങ്ങൾ എങ്ങനെ സ്വാധീനിക്കുന്നു എന്നറിയാനുള്ള പഠനങ്ങൾക്ക് അടിത്തറയിട്ട ഗവേഷകരാണ് മനാബയും ഹാസിൽമാനും. അതേസമയം, ക്രമമില്ലാത്ത പദാർഥങ്ങളും ആക്സ്മിക പ്രക്രിയകളും അടങ്ങിയ സങ്കീർണ്ണതകൾ അടുത്തറിയാനുള്ള വിപ്ലവകരമായ മുന്നേറ്റം നടത്തിയ ഗവേഷകനാണ് പരീസി.

സങ്കീർണ്ണ പ്രക്രിയകളുടെ മുഖമുദ്രയാണ് ആകസ്മികതകളും ക്രമമില്ലായ്മയും. ഇങ്ങനെയുള്ള പ്രക്രിയകൾ മനസിലാക്കിയെടുക്കുക വലിയ ബുദ്ധിമുട്ടാണ്. ഇത്തരം സംഗതികളെ ശാസ്ത്രീയമായി വിശദീകരിക്കാനും, ദീർഘകാലാടിസ്ഥാനത്തിൽ പ്രവചനം സാധ്യമാക്കാനുമുള്ള നവീന മാർഗ്ഗങ്ങൾ കണ്ടെത്തുകയാണ് നൊബേൽ ജേതാക്കൾ ചെയ്തത്.

നിർണായക പ്രാധാന്യമുള്ള ഇത്തരം സങ്കീർണ്ണ സംവിധാനങ്ങളിൽ ഒന്നാണ് ഭൗമകാലാവസ്ഥ. അന്തരീക്ഷത്തിൽ കൂടുതലായി കാർബൺ ഡൈയോക്സയിഡ് (CO2) വ്യാപിക്കുമ്പോൾ, ഭൂമിയുടെ താപനില വർധിക്കുന്നത് എങ്ങനെയെന്ന് മനാബ കാട്ടിത്തന്നു. അതിനായി 1960 കളിൽ അദ്ദേഹം രൂപംനൽികിയ ‘ഭൗതിക മാതൃകകൾ’ (physical models) ആണ്, നിലവിൽ കാലാവസ്ഥ പഠന മാതൃകകൾക്ക് അടിസ്ഥാനമായത്.

മനാബയുടെ പഠനത്തെ 1970 കളിൽ ഹാസിൽമാൻ മുന്നോട്ടു കൊണ്ടുപോയി. അന്തരീക്ഷ താപനില ഉയരുന്നതിന് പിന്നിൽ മനുഷ്യപ്രവർത്തനങ്ങളാണെന്ന് അദ്ദേഹം സമർഥിച്ചു. കാർബൺ വ്യാപനം സംബന്ധിച്ച പുതിയ കാഴ്ചപ്പാട് രൂപപ്പെടാൻ ഹാസിൽമാന്റെ പഠനങ്ങൾക്ക് കഴിഞ്ഞു. 1980 കാലത്താണ് പരീസി തന്റെ മുന്നേറ്റങ്ങൾ നടത്തിയത്.

ക്രമരഹിതമായ സങ്കീർണ്ണ വസ്തുക്കളിൽ മറഞ്ഞിരിക്കുന്ന പാറ്റേണുകൾ കണ്ടെത്തുകയാണ് അദ്ദേഹം ചെയ്തത്. ‘സങ്കീർണ സംവിധാനങ്ങൾ’ (complex systems) സംബന്ധിച്ച് പരീസി മുന്നോട്ടു വെച്ച സിദ്ധാന്തം, ഈ പഠനമേഖലയിലെ ഏറ്റവും പ്രധാനപ്പട്ടതായി മാറി. ഭൗതികശാസ്ത്രത്തിൽ മാത്രമല്ല, ഗണിതം, ജീവശാസ്ത്രം, ന്യൂറോസയൻസ്, മെഷീൻ ലേണിങ് തുടങ്ങി വളരെ വ്യത്യമായ മേഖലകളിലും പരീസിയുടെ സിദ്ധാന്തം പ്രയോഗിക്കപ്പെടുന്നു.

ജപ്പാനിലെ ഷിൻഗുവിൽ 1931 ൽ ജനിച്ച മനാബ, ടോക്യോ സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി.നേടിയ കാലാവസ്ഥ ഗവേഷകനാണ്. നിലവിൽ യു.എസ്.എ.യിലെ പ്രിൻസ്റ്റൺ സർവകലാശാലയിൽ സീനിയർ മീറ്റീരിയോളജിസ്റ്റാണ് അദ്ദേഹം. ജർമനിയിലെ ഹാംബർഗ്ഗിൽ 1931 ൽ ജനിച്ച ഹാസിൽമാൻ, ജർമനിയിലെ ഗോട്ടിങാം സർവ്വകലാശാലയിൽ നിന്ന് പി.എച്ച്.ഡി.നേടി. നിലവിൽ ഹാംബർഗ്ഗിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മീറ്റീരിയോളജിയിൽ പ്രൊഫസറാണ്.

ഇറ്റലിയിലെ റോമിൽ 1948 ൽ ജനിച്ച പരീസി, റോമിലെ സാപിയൻസ സർവ്വകലാശാലയിൽ നിന്നാണ് പി.എച്ച്.ഡി.എടുത്തത്. നിലവിൽ, അതേ സർവകലാശാലയിലെ പ്രൊഫസറാണ്.

Top