ഗുവാഹതി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ അവകാശങ്ങളും താല്‍പര്യങ്ങളും സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും നുഴഞ്ഞു കയറ്റക്കാര്‍ക്ക് രാജ്യത്ത് ഇടമില്ലെന്നും പ്രസ്താവിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാദമായ പൗരത്വ ബില്‍ ഭേദഗതിയ്ക്കെതിരെ വ്യാപകമായ പ്രക്ഷോഭങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നതിനിടെയാണ് മോദിയുടെ പുതിയ പ്രസ്താവന.
‘ഡല്‍ഹിയിലെ എ.സി റൂമുകളില്‍ ഇരിക്കുന്ന ഞങ്ങളുടെ എതിരാളികള്‍ പൗരത്വ ബില്ലിനെ കുറിച്ച് വ്യാപകമായി തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുകയാണ്. അസമിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും സംസ്‌കാരവും വിഭവങ്ങളും സംരക്ഷിക്കാന്‍ ബി.ജെ.പി പ്രതിജ്ഞാബദ്ധമാണ്. ബില്ലിലെ അനുഛേദം ആറ് സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്നും മോദി പറഞ്ഞു.
ചോദ്യങ്ങളുമായി വരുന്നവരോട് അസമിന് തിരിച്ച് ചോദിക്കാനുള്ളത്, കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം അവര്‍ എവിടെയായിരുന്നു എന്നാണ്. അവരുടെ വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി അസമിനെ ബുദ്ധിമുട്ടിക്കാന്‍ അനുവദിക്കുകയില്ലെന്നും, ഞാന്‍ അവരോട് പൊരുതുക തന്നെ ചെയ്യുമെന്നും അതേസമയം സ്വന്തം വീടും സ്വത്തുക്കളും ഉപേക്ഷിച്ച് പാലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുന്ന ഇന്ത്യക്കാരുടെ വേദന ഉള്‍കൊള്ളാന്‍ നാം തയ്യാറാവണമെന്നും മോദി പറഞ്ഞു.