ശൗചാലയത്തില്‍ ഗാന്ധിജിയുടെ ചിത്രം പതിച്ച ടൈല്‍; രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

നോയിഡ: മോദി സര്‍ക്കാരിന്റെ സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ശൗചാലയത്തിലെ ടൈലുകളില്‍ മഹാത്മാ ഗാന്ധിയും അശോക ചക്രവും. ഉത്തര്‍ പ്രദേശിലെ നോയിഡയിലുള്ള ബുലന്ദ്ഷഹറിലെ ശൗചാലയങ്ങളിലാണ്
ഗാന്ധിജിയുടെയും അശോകചക്രത്തിന്റെയും ചിത്രങ്ങളുള്ള ടൈലുകള്‍ പതിച്ചിരിക്കുന്നത്.

സംഗതി വിവാദമായതിനെ തുടർന്ന് ശൗചാലയത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച രണ്ട് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു.ഇതുവരെ 508 ശൗചാലയങ്ങളാണ് പദ്ധതിയുടെ ഭാഗമായി ബുലന്ദ്ഷഹറിൽ നിർമിച്ചത്. ഇക്കൂട്ടത്തിലുള്ള 13 ശൗചാലയങ്ങളിൽ ഗാന്ധിജിയുടെയും അശോക ചക്രത്തിന്റെയും ചിത്രങ്ങളുള്ള ടൈലുകൾ ഉപയോഗിച്ച് നിർമ്മിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

രാഷ്ട്രപിതാവിനേയും ദേശീയ ചിഹ്നത്തെയും അപമാനിക്കുന്ന ഈ സംഭവം ഇവിടുത്തെ ജനങ്ങളാണ് ആദ്യം ജില്ലാ ഭരണാധികാരിയെ അറിയിച്ചത്.ശൗചാലയത്തിന്റെ നിർമ്മാണത്തിന്റെ ചുമതലയുണ്ടായിരുന്ന ഗ്രാമ വികസന ഓഫീസർ സന്തോഷ് കുമാറിനെയും ഗ്രാമപ്രധാൻ സാവിത്രി ദേവിയെയുമാണ് ജില്ലാ ഭരണകൂടം സസ്‌പെൻഡ് ചെയ്തത്‌.

Top