നോയിഡയിലെ ഷൂട്ടിംഗ് റേഞ്ചിന് ചന്ദ്രോ തോമറിന്റെ പേര് നൽകും

ന്യൂഡൽഹി: ഇന്ത്യൻ കായികരംഗത്ത് അത്ഭുതമായിമാറിയ ഷൂട്ടിംഗ് താരമാണ് ചന്ദ്രോ തോമർ. പ്രഗത്ഭയായ ഈ മുത്തശ്ശിയെ ആദരിക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ . ഷൂട്ടിംഗ് മുത്തശ്ശി എന്നറിയപ്പെടുന്ന ചന്ദ്രോ തോമറിന്റെ പേരിലാണ് നോയിഡയിലെ ഷൂട്ടിംഗ് റേഞ്ച് ഇനി അറിയപ്പെടുക. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് കായികരംഗത്തെ സംഭാവനകൾക്ക് തോമറിനെ ആദരിച്ചത്. മീററ്റിൽ കഴിഞ്ഞ ഏപ്രിൽ 30നാണ് ചന്ദ്രോ തോമർ കൊറോണ ബാധിച്ച് അന്തരിച്ചത്.

ഏപ്രിൽ 26നാണ് ചന്ദ്രോ തോമറിന് കൊറോണ ബാധിച്ച വിവരം കുടുംബം ട്വിറ്ററിലൂടെ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ വിഷമം വർദ്ധിച്ചതോടെയാണ് മരണം സംഭവിച്ചത്. ഭാഗ്‌പേട്ടിൽ ജനിച്ച ചന്ദ്രോ തോമർ സ്‌കൂൾ കാലം മുതൽ ദേശീയ തലത്തിൽ നിരവധി തവണ ഷൂട്ടിംഗിൽ മെഡലുകൾ സ്വന്തമാക്കിയ വനിതാ കായികതാരമാണ്.

സാന്റ് കീ ആഖോം എന്ന പേരിൽ ചന്ദ്രോ തോമറിനെക്കുറിച്ചും ഭർതൃ സഹോദരി പരാക്ഷിയെക്കുറിച്ചും കായിക വകുപ്പ് 2019ൽ ഒരു ഹൃസ്വചിത്രം പുറത്തിറക്കിയിരുന്നു. തന്റെ 60-ാം വയസ്സിൽ ഷൂട്ടിംഗ് പഠിച്ച് കായിക രംഗത്ത് അത്ഭുതം സൃഷ്ടിച്ച താരമാണ് പരാക്ഷി. ലോകകായിക രംഗത്ത് ഇത്ര പ്രായമേറിയിട്ടും പരിശീലകരായും കായികതാരങ്ങളായും തുടരുന്നവരെന്ന നേട്ടവും ഇരുവരും സ്വന്തമാക്കി.

Top