ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന വാര്‍ത്ത നിഷേധിച്ച് പരാതിക്കാരി

rape

ന്യൂഡല്‍ഹി: നോയിഡയില്‍ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന വാര്‍ത്ത നിഷേധിച്ച് 24കാരി.

യുവതി വാര്‍ത്ത നിഷേധിച്ച വിവരം നോയിഡ റൂറല്‍ എസ്.പി സുനിതിയാണ് ദേശീയ മാധ്യമങ്ങളെ അറിയിച്ചത്.

ദേഷ്യം കൊണ്ടാണ് താന്‍ പരാതി നല്‍കിയതെന്നാണ് യുവതി ഇപ്പോള്‍ പറയുന്നതെന്ന് നോയിഡ പൊലീസ് അറിയിച്ചു. ആദ്യം നല്‍കിയ പരാതി ശരിയല്ലെന്ന് യുവതി രേഖാമൂലം എഴുതി നല്‍കിയതായി നോയിഡ പോലീസ് പി ആര്‍ ഒ മനീഷ് സക്‌സേന പറഞ്ഞു.

ഗോള്‍ഫ് കോഴ്‌സ് റോഡില്‍ വാഹനം കാത്തുനില്‍ക്കുമ്പോള്‍ സ്‌കോര്‍പിയോയില്‍ എത്തിയ രണ്ടുപേര്‍ വഴി ചോദിക്കാനെന്ന വ്യാജേന എത്തുകയും തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്നുമാണ് ആദ്യം യുവതി പരാതിയില്‍ പറഞ്ഞിരുന്നത്.

ഇതേ തുടര്‍ന്ന് പൊലീസ് പരാതി രേഖപ്പെടുത്തി. തുടര്‍ന്ന് യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചെങ്കിലും പരിശോധനയ്ക്ക് വിധേയയാകാതെ ഇവര്‍ വീട്ടിലേക്കു പോയി.

പിന്നീട് ഇവരെ വീണ്ടും വൈദ്യപരിശോധനയക്ക് കൊണ്ടുവന്നു. അപ്പോള്‍ പരിശോധനയ്ക്ക് വിധേയയാകാന്‍ യുവതി തയ്യാറല്ലെന്ന് അറിയിച്ചു.

തുടര്‍ന്നാണ് താന്‍ നല്‍കിയ പരാതി വ്യാജമാണെന്ന് യുവതി പോലീസിനോട് സമ്മതിച്ചത്.

രണ്ടുപേര്‍ക്കെതിരെ ആയിരുന്നു യുവതി പരാതി നല്‍കിയിരുന്നത്. ഓട്ടോറിക്ഷ കാത്തു നില്‍ക്കുകയായിരുന്ന യുവതിയെ കാറില്‍ വന്ന രണ്ടു പേര്‍ ബലമായി വാഹനത്തില്‍ വലിച്ചു കയറ്റിയെന്നും ഡല്‍ഹിയിലെയും നോയിഡയിലെയും വിവിധയിടങ്ങളില്‍ യുവതിയുമായി കാറില്‍ സഞ്ചരിച്ച പ്രതികള്‍ ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു യുവതി പരാതിയില്‍ പറഞ്ഞിരുന്നത്.

 

Top