കശ്മീരില്‍ പുതുവര്‍ഷത്തിന് നല്ല തുടക്കമല്ല ലഭിച്ചത്. മഹാരാഷ്ട്രക്കാരനായ സൈനിക സന്ദീപ് സാവന്ത് സൈന്യവും, തീവ്രവാദികളും തമ്മില്‍ നടന്ന പോരാട്ടത്തില്‍ കൊല്ലപ്പെട്ടു, ശിവസേന മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തില്‍ കുറിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ നിശിതമായ അക്രമണത്തിന് തുടക്കമിട്ടാണ് സാമ്‌ന ഈ ആമുഖം കുറിച്ചത്.
‘ഈ പോരാട്ടത്തില്‍ സന്ദീപ് സാവന്ത് ഉള്‍പ്പെടെ രണ്ട് സൈനികരാണ് രക്തസാക്ഷിത്വം നേടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ മഹാരാഷ്ട്രയില്‍ നിന്ന് 78 സൈനികര്‍ ജമ്മു കശ്മീരില്‍ വീരമൃത്യു വരിച്ചു. ഇതിന് മഹാ വികാസ് അഗഡി സര്‍ക്കാര്‍ അല്ല ഉത്തരവാദികള്‍. ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ ശാന്തമെന്ന് ആവര്‍ത്തിക്കപ്പെടുന്നുണ്ട്, പക്ഷെ എന്താണ് സത്യം’, സാമ്‌ന മുഖപ്രസംഗത്തില്‍ ചോദിച്ചു.
‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് നല്ല തീരുമാനം തന്നെയാണ്. എന്നിട്ടും തീവ്രവാദി അക്രമണങ്ങള്‍ ഇപ്പോഴും അരങ്ങേറുന്നു, ഇതൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് മാത്രം. തോക്കിന്റെ കോലാഹലങ്ങള്‍ അവസാനിച്ചിട്ടില്ല, ഇത് സന്തോഷത്തിന്റെ ആക്രോശമായി ഉയര്‍ത്തിക്കാണിക്കുകയാണ്’, സാമ്‌ന പരിഹസിച്ചു. കശ്മീരില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുന്ന രീതി നോക്കിയാല്‍ കാര്യങ്ങള്‍ സാധാരണമല്ലെന്ന് സൂചന കിട്ടും, തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം അവസാനിച്ചിട്ടില്ല, സേന ആരോപിച്ചു.
ബാലകോട്ട് വ്യോമാക്രമണത്തില്‍ പാക് ഭീകരാവദ കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ പൗരന്‍മാരെന്ന നിലയില്‍ ഞങ്ങള്‍ വിശ്വസിച്ചു. എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നുവെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഈ വിശ്വാസം അട്ടിമറിക്കപ്പെടുന്നു. പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിക്കാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല, സേന കുറ്റപ്പെടുത്തി.