ന്യൂഡല്‍ഹി: അമര്‍നാഥ് ഗുഹാക്ഷേത്രത്തെ നിശബ്ദ മേഖലയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍.
ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി അമര്‍നാഥ് ക്ഷേത്രത്തില്‍ മന്ത്രം ചൊല്ലുന്നതിനും മണി മുഴക്കുന്നതിനും ദേശീയ ഹരിത ട്രൈബ്യൂണൽ വിലക്കേർപ്പെടുത്തിയിരുന്നു.
ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിന് ഇടയ്ക്കാണ് ഹരിത ട്രൈബ്യൂണലിന്റെ വിശദീകരണം. മേഖലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ശബ്ദനിയന്ത്രണം മൂലം ആരതിയ്ക്കോ മറ്റു ക്ഷേത്ര ചടങ്ങുകള്‍ക്കോ യാതൊരു തടസ്സവും ഉണ്ടാവില്ലെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.
ശിവലിംഗത്തിനു മുന്നില്‍ മാത്രമാണ് നിശ്ശബ്ദത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. മറ്റൊരു മേഖലയിലും ശബ്ദനിയന്ത്രണം ഉണ്ടായിരിക്കില്ല.
ഗുഹാക്ഷേത്രത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുകയും ശിവലിംഗമുള്ള മേഖലയില്‍ ശബ്ദശല്യം ഒഴിവാക്കുകയുമാണ് പുതിയ ഉത്തരവുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ അറിയിച്ചു.
മന്ത്രോച്ചാരണം, മണിയടിശബ്ദം, പ്രവേശനകവാടത്തില്‍ കാണിക്കയിടല്‍ തുടങ്ങിയവ വിലക്കിയിട്ടുള്ളതായാണ് ട്രിബ്യൂണല്‍ പുറപ്പെടുവിച്ച വാർത്തയിൽ ഉണ്ടായിരുന്നത്.
ജമ്മു കശ്മീരിലെ അമർനാഥിലെ ഒരു ഗുഹയിൽ സ്ഥിതിചെയ്യുന്ന ഹൈന്ദവക്ഷേത്രമാണ് അമർനാഥിലെ ഗുഹാക്ഷേത്രം. മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് ഇവിടത്തെ പ്രത്യേകത.
ഗുഹാക്ഷേത്ര ദർശനം നടത്താൻ വിദേശികളടക്കം നിരവധി ഭക്തരാണ് ഇവിടെ എത്തുന്നത്.