സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പില്‍ ; ഇന്ന് കൊട്ടിക്കലാശം

തിരുവനന്തപുരം : കഴിഞ്ഞ ഒരു മാസത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്ന് അവസാനം. ഇന്ന് വൈകിട്ടോടെ പരസ്യ പ്രചരണങ്ങള്‍ അവസാനിക്കും. വിവിധ കേന്ദ്രങ്ങളില്‍ വൈകിട്ടാണ് കൊട്ടിക്കലാശം. നാളെ നിശബ്ദ പ്രചരണം നടത്താം. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന കൊട്ടിക്കലാശത്തില്‍ രാഹുല്‍ ഗാന്ധി ഒഴികെയുള്ള 20 ലോകസഭ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികള്‍ പങ്കെടുക്കും.

കൊട്ടിക്കലാശ ദിനത്തില്‍ റോഡ് ഷോയോടെയാകും എല്‍.ഡി.എഫ് പ്രചരണം അവസാനിപ്പിക്കുക. എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും തിരുവനന്തപുരത്തെ തീരദേശ മേഖലകളില്‍ നടത്തുന്ന റോഡ് ഷോയോടെ യു.ഡി.എഫ് ക്യാമ്പും കാലശപോരാട്ടത്തിന് സജ്ജമാകും. മോദിയുടെയും അമിത്ഷായുടെയും തെരഞ്ഞെടുപ്പ് പര്യടനം നല്‍കുന്ന ആത്മ വിശ്വാസത്തോടെയാണ് എന്‍.ഡി .എ കൊട്ടിക്കലാശത്തിന് എത്തുന്നത്.

ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്. രാവിലെ ആറിന് മോക്ക്‌പോള്‍ നടക്കും. 2,61,51,534 വോട്ടര്‍മാരാണ് ഇക്കുറി സംസ്ഥാനത്തുള്ളത്. ഇതില്‍ 1,34,66,521 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 1,26,84,839 പുരുഷ വോട്ടര്‍മാരുണ്ട്. 174 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. മലപ്പുറത്താണ് കൂടുതല്‍ വോട്ടര്‍മാരുള്ളത്. വയനാടാണ് കുറവ് വോട്ടര്‍മാരുള്ളത്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 227 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 23പേര്‍ വനിതകളാണ്.

24, 970 പോളിംഗ് ബൂത്തുകളില്‍ 219 എണ്ണത്തിന് മാവോയിസ്റ്റ് ഭീഷണിയുണ്ട്. 3621 പോളിംഗ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഉണ്ടാകും. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സൗകര്യവും ഉണ്ടാകും. 44,427 ബാലറ്റ് യൂണിറ്റുകളും 32,746 കണ്‍ട്രോള്‍ യൂണിറ്റുകളും 257 സട്രോങ് റൂമുകളും 57 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും സജ്ജീകരിക്കും.57 കമ്ബനി കേന്ദ്രസേനയെയാണു സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സ്ട്രോങ് റൂമുകള്‍ക്ക് 12 കമ്പനി സിആര്‍പിഎഫ് സുരക്ഷ ഒരുക്കും.

Top