ദൃശ്യ വിസ്മയമാകാൻ നോളന്റെ ‘ഓപ്പൺഹൈമര്‍’; 5.06 മിനുട്ടുള്ള ഓപ്പണിംഗ് ലുക്ക് വീഡിയോ എത്തി

ഹോളിവുഡ്: ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ബോംബുകളിലൊന്ന് വികസിപ്പിച്ച കഥയുമായി ക്രിസ്റ്റഫർ നോളന്‍ എത്തുന്നു. ആറ്റം ബോംബിന്റെ പിതാവ് എന്ന വിശേഷിപ്പിക്കപ്പെടുന്ന ഓപ്പൺഹൈമറിന്റെ കഥ പറയുന്ന ചിത്രം വരുന്ന ജൂലൈ 21നാണ് റിലീസാകുന്നത്. ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ 5.06 മിനുട്ട് ദൈര്‍ഘ്യമുള്ള ഓപ്പണിംഗ് ലുക്ക് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു.

പൂര്‍ണ്ണമായും ഐമാക്സ് ഫിലിംസിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ആറ്റം ബോംബിന്റെ പിതാവിന്റെ ഭൗതികശാസ്ത്രജ്ഞനായുള്ള ജീവിതവും, ആദ്യ ആറ്റംബോംബ് വികസിപ്പിച്ച ലോസ് അലാമോസ് ലബോറട്ടറിയിലെ മാൻഹട്ടൻ പ്രോജക്റ്റുമായുള്ള അദ്ദേഹത്തിന്റെ പങ്കാളിത്തവും വിവരിക്കുന്നുണ്ട് ചിത്രത്തില്‍.

എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറൻസ് പഗ്, റാമി മാലെക്, ബെന്നി സാഫ്ഡി, ജോഷ് ഹാർട്ട്‌നെറ്റ്, ഡെയ്ൻ ഡീഹാൻ, ജാക്ക് ക്വയ്ഡ്, മാത്യു ബാഗ്, മാത്യു ബാഗ് എന്നിവരോടൊപ്പം ടൈറ്റിൽ റോളിൽ ഓപ്പൺഹൈമറിനെ സിലിയൻ മർഫി അവതരിപ്പിക്കുന്നു. ഡേവിഡ് ദസ്ത്മാൽചിയാൻ, ഗാരി ഓൾഡ്മാൻ, കേസി അഫ്ലെക്ക് എന്നിവരും ചിത്രത്തിലുണ്ട്.

അതേ സമയം രസകരവും അതേ സമയം അതിശയകരവുമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ക്രിസ്റ്റഫർ നോളന്‍. സിനിമയിൽ സീറോ കപ്യൂട്ടര്‍ ഗ്രാഫിക്സാണ് ഉപയോഗിച്ചത് എന്നാണ് സംവിധായകൻ അവകാശപ്പെടുന്നത്.

കൊളൈഡറിന്റെ ഒരു റിപ്പോർട്ടിൽ, ഓപ്പൺഹൈമർ നടത്തിയ ആണവ സ്ഫോടന പരീക്ഷണങ്ങൾ പുനഃസൃഷ്ടിക്കുന്ന സീക്വൻസുകളിൽ ഉൾപ്പെടെ, ഓപ്പൺഹൈമര്‍ സിനിമയില്‍ സീറോ സിജിഐ (കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഇമേജ്) അണ് ഉപയോഗിച്ചത് എന്നാണ് നോളൻ പറയുന്നത്.

1945ൽ ന്യൂ മെക്‌സിക്കോയിലെ മരുഭൂമിയിൽ നടന്ന ട്രിനിറ്റി ടെസ്റ്റ് എന്നറിയപ്പെടുന്ന അണു ബോംബിന്റെ ആദ്യ പരീക്ഷണ സ്ഫോടനം പുനഃസൃഷ്ടിക്കുന്നതിന് ഒരു സിജിഐയും താനും ചിത്രത്തിന്റെ അണിയറക്കാരും ഉപയോഗിച്ചിട്ടില്ലെന്നാണ് നോളന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

Top