ഉപതെര‌ഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. മുന്നണി സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ 44 പേരാണ് മത്സര രംഗത്തുള്ളത്.

കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, എറണാകുളം, എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്.

എറണാകുളത്ത് 11 പേരും വട്ടിയൂര്‍ക്കാവില്‍ 10 പേരും മഞ്ചേശ്വരത്ത് 13 പേരും പത്രിക നല്‍കിയിട്ടുണ്ട്. അരൂരില്‍ ആറ് പേരും കോന്നിയില്‍ ഏഴ് പേരും ആണ് മത്സരരംഗത്ത് ഉള്ളത്. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിന്റെ അപരനായി എ മോഹന്‍കുമാറും, ബിജെപി സ്ഥാനാര്‍ത്ഥി എസ് സുരേഷ് കുമാറിന്റെ അപരനായി എസ്എസ് സുരേഷും പത്രിക നല്‍കിയിട്ടുണ്ട്.

എറണാകുളത്തെ എൽ.ഡി.എഫ് സ്ഥാനാർഥി മനു റോയിക്കും യു.ഡി.എഫ് സ്ഥാനാർഥി ടി.ജെ വിനോദിനും അപര ശല്യമുണ്ട്. മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാർഥി എം.സി ഖമറുദ്ദീൻ അപരനായി മറ്റൊരു ഖമറുദ്ദീനും പത്രിക നൽകിയവരിൽപെടുന്നു.

Top